മാര്‍ത്താണ്ഡ വര്‍മയായ് റാണ ദഗുപതി മലയാളത്തിലേക്കെത്തുന്നു

0
4

 

തെലുഗു സൂപ്പര്‍ താരം റാണ ദഗുപതി മലയാളത്തിലേക്കെത്തുന്നു. കെ മധു സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ നായകനായിട്ടാകും റാണയുടെ മലയാളത്തിലെ അരങ്ങേറ്റം. ചിത്രീകരണം അടുത്ത വര്‍ഷം തുടങ്ങും.
തെലുഗു താരം റാണ ദഗുപതി തന്നെയാണ് മലയാളികള്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്ത ട്വീറ്റ് ചെയ്തത്. കെ മധു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മാര്‍ത്താണ്ഡ വര്‍മയെ അവതരിപ്പിക്കുമെന്ന് റാണ ട്വിറ്ററിലൂടെ അറിയിച്ചു. അനിഴം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ – ദ കിങ് ഓഫ് ട്രാവന്‍കൂര്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. തിരുവിതാംകൂര്‍ രാജാക്കന്മാരായിരുന്ന മാര്‍ത്താണ്ഡ വര്‍മയുടെയും കാര്‍ത്തിക വര്‍മയുടെയും ജീവിതം പ്രമേയമാക്കി രണ്ട് ചിത്രങ്ങള്‍ ഒരുക്കുമെന്ന് സംവിധായകന്‍ കെ മധു പ്രഖ്യാപിച്ചിരുന്നു. റോബിന്‍ തിരുമലയാകും സംവിധായകനൊപ്പം ചേര്‍ന്ന് രണ്ട് ചിത്രങ്ങളുടെയും തിരക്കഥ ഒരുക്കുക.
സിനിമക്കായുള്ള ഗവേഷണത്തിലായിരുന്നു കഴിഞ്ഞ മൂന്ന് വര്‍ഷമായി കെ മധു. അനിഴം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മയുടെ ജീവിതമാകും ആദ്യ ഭാഗത്തില്‍ ചിത്രീകരിക്കുക. കുളച്ചൽ യുദ്ധത്തില്‍ വിദേശീയരെ പരാജയപ്പെടുത്തി എന്ന ഖ്യാതിയും അനിഴം തിരുനാളിന് അവകാശപ്പെട്ടതാണ്. ഈ സംഭവങ്ങളും സിനിമയുടെ ഭാഗമാകും. റാണക്ക് പുറമെ മലയാള സിനിമയിലെ പ്രമുഖ താരങ്ങളും സിനിമയില്‍ കഥാപാത്രങ്ങളായെത്തും. സാങ്കേതിക രംഗത്തും പ്രമുഖരുടെ സാന്നിധ്യമുണ്ടാകും. പീറ്റര്‍ ഹെയ്നാകും ആക്ഷന്‍ കൊറിയോഗ്രാഫര്‍. ബാഹുബലിയുടെ സംഗീത സംവിധായകന്‍ എം എം കീരവാണിയാകും ഗാനങ്ങള്‍ ഒരുക്കുക. ആര്‍ മധിയാണ് ഛായാഗ്രാഹകന്‍. ഓസ്കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണം ഒരുക്കുക.
ഇറ്റലി ആസ്ഥാനമായ നിര്‍മാണ കമ്പനി ഇന്ത്യയിലെ ഒരു കമ്പനിയുമായി സഹകരിച്ചാകും നിര്‍മാണം നിര്‍വഹിക്കുക. സെവന്‍ ആര്‍ട്സ് മോഹന്‍ ആണ് ലൈന്‍ പ്രൊഡ്യൂസര്‍. അഞ്ച് ഭാഷകളിലായി ചിത്രം പുറത്തിറക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ പദ്ധതി. അടുത്ത വര്‍ഷം ആഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കും. ധര്‍മരാജ എന്നറിയപ്പെട്ട കാര്‍ത്തിക തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മയുടെ ജീവിതം അവതരിപ്പിക്കുന്ന ചിത്രമാകും ഇതിന് ശേഷം കെ മധു ഒരുക്കുക. കാര്‍ത്തിക തിരുനാളും ടിപ്പു സുല്‍ത്താനും തമ്മിലുള്ള യുദ്ധമാകും ചിത്രത്തിന് പ്രമേയമാകുക. സിനിമയിലെ താരങ്ങളെ ഉടന്‍ പ്രഖ്യാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here