ബ്ലാസ്‌റ്റേഴ്‌സിനു വീണ്ടും തിരിച്ചടി; ടീമില്‍ വന്‍ അഴിച്ചുപണി ?

0
18

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ സീസണ്‍ നാലില്‍ ഫോം കണ്ടെത്താനാകാതെ ഉഴറുന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സിനു വീണ്ടും തിരിച്ചടി. കോച്ച് റെനെ മ്യൂലന്‍സ്റ്റിന്‍ പുറത്തുപോയതിനു പിന്നാലെ ഹോളണ്ട് യുവ താരം മാര്‍ക്കസ് സിഫ്‌നിയോസും ടീം വിട്ടു. ഇന്നലെ വൈകീട്ടോടെ ടീം മാനേജ്‌മെന്റ് ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ടീമില്‍ വന്‍ അഴിച്ചുപണിക്കു സാധ്യതയെന്നാണ് റിപ്പോര്‍ട്ട്.

മാര്‍ക്ക് സിഫ്‌നിയോസിനു പുറമേ മറ്റു രണ്ടു വിദേശ താരങ്ങള്‍ കൂടി ടീം വിടുമെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. ടീം വിടുന്ന കാര്യത്തില്‍ സിഫ്‌നിയോസും മാനേജ്‌മെന്റും ഒരുമിച്ചു തീരുമാനത്തിലെത്തുകയായിരുന്നുവെന്നും സിഫ്‌നിയോസിന്റെ സംഭാവനകള്‍ക്കു നന്ദി പറയുന്നുവെന്നും പത്രക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്. സീസണ്‍ മധ്യേ ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ കാരണമെന്തെന്ന് ഇതുവരെ വ്യക്തമാക്കാന്‍ ഇരുകൂട്ടരും തയാറായിട്ടില്ല. ടീമിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്ത രണ്ടു വിദേശ താരങ്ങളെ ഒഴിവാക്കി പുതിയ താരങ്ങളെ ടീമില്‍ എത്തിക്കാനാണ് നീക്കം.

സിഫ്‌നിയോസ് ടീം വിടാന്‍ തീരുമാനമെടുക്കും മുമ്പേ ഒരു വിദേശ താരം ഉടന്‍ ടീം വിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫോമില്ലാതെ വലയുന്ന ബള്‍ഗേറിയന്‍ ഇതിഹാസം ദിമിതര്‍ ബെര്‍ബറ്റോവുമായുള്ള കരാര്‍ റദ്ദാക്കാന്‍ മാനേജ്‌മെന്റ് താല്‍പര്യപ്പെടുന്നുവെന്നും സൂചനകള്‍ ലഭിച്ചിരുന്നു. അതിനിടയിലാണ് സിഫ്‌നിയോസ് കടുത്ത തീരുമാനം കൈക്കൊണ്ടത്. ഈ സാഹചര്യത്തില്‍ പരുക്കും ഫോമില്ലായ്മയും കാരണം ടീമിന് പ്രയോജനപ്പെടുത്താന്‍ കഴിയാതെ പോകുന്ന രണ്ടു താരങ്ങളെക്കൂടി ഒഴിവാക്കി പുതിയ വിദേശ താരങ്ങളെ എത്തിക്കാനാണ് ശ്രമം.

ടീമിലെ പലരും പരുക്കും മോശം ഫോമും കാരണം വലയുകയാണ്.ബെര്‍ബറ്റോവിനു പുറമേ ഉഗാണ്ടന്‍ യുവതാരം കിസിറ്റോ കിസിറോണ്‍, മലയാളി താരം റിനോ ആന്റോ എന്നിവരും പരുക്കിന്റെ പിടിയിലാണ്. ഈ സാഹചര്യത്തില്‍ ജീവന്മരണപ്പേരാട്ടത്തിനിറങ്ങാന്‍ പുതിയ താരങ്ങള്‍ കൂടിയേ തീരൂയെന്ന നിലയിലാണ് ബ്ലാസ്‌റ്റേഴ്‌സ്. സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഗോള്‍ നേടിയത് സിഫ്‌നിയോസായിരുന്നു. 12 മത്സരങ്ങളില്‍ നിന്ന് നാലു ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് ഇതുവരെ സംഭാവന.

ടീമിനെ ഏറ്റവും പ്രായം കുറഞ്ഞ താരവുമായിരുന്നു 19-കാരനായ സിഫ്‌നിയോസ്. ബ്ലാസ്‌റ്റേഴ്‌സില്‍ നിന്നു മടങ്ങുന്ന കാര്യം നേരത്തെ തന്നെ സിഫ്‌നിയോസ് മാനേജ്‌മെന്റുമായി സംസാരിച്ചിരുന്നുവെന്നും പരസ്പര ധാരണയോടെയാണ് തീരുമാനമെന്നും ടീം വൃത്തങ്ങള്‍ പറയുന്നു.

അതേസമയം ബ്ലാസ്‌റ്റേഴ്‌സ് വിടാനുള്ള സിഫ്‌നിയോസിന്റെ തീരുമാനത്തിനു കാരണം പുതിയ കോച്ച് ഡേവിഡ് ജയിംസുമായുള്ള അഭിപ്രായ ഭിന്നതയെന്ന് അനൗദ്യോഗിക വൃത്തങ്ങള്‍. റെനെ മ്യൂലന്‍സ്റ്റിനു പകരം ജയിംസ് പരിശീലകനായി സ്ഥാനമേറ്റ ശേഷം സിഫ്‌നിയോസിന് ഭൂരിഭാഗം മത്സരങ്ങളിലും പകരക്കാരുടെ ബഞ്ചിലായിരുന്നു സ്ഥാനം. തനിക്കു പകരം കനേഡിയന്‍ സ്‌ട്രൈക്കര്‍ ഇയാന്‍ ഹ്യൂമിനാണ് ജയിംസ് പ്രാധാനം നല്‍കുന്നതെന്നു സിഫ്‌നിയോസ് പരാതിപ്പെട്ടിരുന്നതായും ടീമിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.

ഇക്കാര്യത്തില്‍ കോച്ചുമായി അഭിപ്രായവ്യത്യാസത്തിലായിരുന്നു സിഫ്‌നിയോസെന്നും സൂചനയുണ്ട്. ടീം വിടാനുള്ള ആഗ്രഹം താരം പ്രകടിപ്പിച്ചതിനു പിന്നാലെ തന്നെ മാനേജ്‌മെന്റ് സമ്മതം മൂളിയത് ജയിംസിന്റെ സമ്മര്‍ദ്ദത്താലാണെന്നും അനൗദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.

രാജ്യാന്തര ട്രാന്‍സ്ഫര്‍ വിപണി തുറന്നതിനേത്തുടര്‍ന്നാണ് മാനേജ്‌മെന്റ് ഇങ്ങനൊരു തീരുമാനമെടുത്തതെന്നും സൂചനയുണ്ട്. ജനുവരി 15 മുതല്‍ ഫെബ്രുവരി 16 വരെ ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറന്നിരിക്കും. ഈ സമയത്ത് നിലവില്‍ വിദേശ ലീഗുകളില്‍ കളിക്കുന്ന താരങ്ങളെ എത്തിച്ച് ടീം പുതുക്കിപ്പണിയാനാണ് കോച്ച് ഡേവിഡ് ജയിംസിന്റെയും മാനേജ്‌മെന്റിന്റെയും താല്‍പര്യം.

ടീമിലെ ആഭ്യന്തര പ്രശ്‌നങ്ങളും ഈ നീക്കങ്ങള്‍ക്കു പിന്നിലുണ്ടെന്നും സൂചനയുണ്ട്. സീസണില്‍ 12 മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ വെറും മൂന്നു ജയങ്ങള്‍ മാത്രമായി 14 പോയിന്റോടെ ഏഴാം സ്ഥാനത്താണ് നിലവിലെ രണ്ടാം സ്ഥാനക്കാര്‍. സീസണില്‍ നോക്കൗട്ടിലേക്ക് കടക്കണമെങ്കില്‍ ഇനി ശേഷിക്കുന്ന ആറു മത്സരങ്ങളും ജയിച്ചേ തീരൂയെന്ന സ്ഥിതിയാണ് ബ്ലാസ്‌റ്റേഴ്‌സിന്.

LEAVE A REPLY

Please enter your comment!
Please enter your name here