മുംബൈ: പ്രശസ്ത ഹാസ്യനടൻ രാജു ശ്രീവാസ്തവ (58) ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ഹൃദയാഘാതത്തെ തുടർന്ന് ഓഗസ്റ്റ് 10നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിൽ ഐസിയുവിൽ കഴിയുന്ന അദ്ദേഹത്തിന്റെ നില ഇന്നലെ മെച്ചപ്പെട്ടെങ്കിലും വീണ്ടും ഗുരുതരമാവുകയായിരുന്നു.
അതേസമയം, രാജു ശ്രീവാസ്തവയ്ക്ക് വേണ്ടി അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ഇന്ന് ഹനുമാൻ ചാലിസ പാരായണം ചെയ്തു. ശ്രീവാസ്തവയ്ക്ക് മസ്തിഷ്ക മരണം സംഭവിച്ചതായും അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണെന്നും ഡോക്ടർമാർ അറിയിച്ചതായി ഹാസ്യനടൻ അഹ്സാൻ ഖുറേഷി പറഞ്ഞു.
ദി ഗ്രേറ്റ് ഇന്ത്യൻ ലാഫർ ചലഞ്ച്, കോമഡി സർക്കസ്, ദി കപിൽ ശർമ്മ ഷോ, ശക്തിമാൻ തുടങ്ങിയ നിരവധി കോമഡി ഷോകളുടെ ഭാഗമാണ് രാജു ശ്രീവാസ്തവ. മെയ്നെ പ്യാർ കിയ, തേസാബ്, ബാസിഗർ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ‘ഇന്ത്യാസ് ലാഫ്റ്റർ ചാംപ്യൻ’ പരിപാടിയില്‍ വിശിഷ്ടാതിഥിയായി എത്തിയിരുന്നു.