കൈകളിലെ കറുത്ത നിറം, ചോര്‍ന്ന രേഖകള്‍…പുട്ടിന്റെ ജീവന്‍ അപകടത്തില്‍ ?

മോസ്കോ : റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്റെ ആരോഗ്യം മോശമാണെന്ന് വീണ്ടും ശക്തമായ അഭ്യൂഹം. കഴിഞ്ഞ ഏതാനും മാസങ്ങളായി പുട്ടിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച നിരവധി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നെങ്കിലും അവയെല്ലാം ക്രെംലിന്‍ തള്ളിയിരുന്നു.

ഇപ്പോള്‍ ക്രെംലിന്‍ വൃത്തങ്ങളില്‍ നിന്ന് ചോര്‍ന്നതെന്ന് പറയുന്ന ചില രേഖകളെ ആധാരമാക്കിയുള്ള വാര്‍ത്തകളാണ് പുറത്തുവന്നിരിക്കുന്നത്.

ഒരു ബ്രിട്ടീഷ് മാദ്ധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പുട്ടിന് പാന്‍ക്രിയാസ് കാന്‍സറും പാര്‍ക്കിന്‍സണ്‍സ് രോഗവും ഉണ്ടെന്നും നിലവില്‍ അതിനുള്ള ചികിത്സയിലാണെന്നുമാണ് റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്. രോഗത്തിന്റെ വേദനയെ അതിജീവിക്കാന്‍ പുട്ടിന്‍ ശക്തിയേറിയ സ്റ്റിറോയിഡുകള്‍ കഴിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റഷ്യന്‍ ഇന്റലിജന്‍സ് കേന്ദ്രത്തില്‍ നിന്നുള്ള ചില ഇമെയിലുകളാണ് തങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയതെന്നാണ് ബ്രിട്ടീഷ് മാദ്ധ്യമത്തിന്റെ അവകാശവാദം. കാന്‍സര്‍ രോഗം പുട്ടിന്റെ ശരീരത്തില്‍ വേഗത്തില്‍ പടരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

പുട്ടിന്റെ രോഗവിവരം പുറത്താകാതിരിക്കാന്‍ ക്രെംലിന്‍ സൂഷ്മമായി പ്രവര്‍ത്തിക്കുന്നതായും പുട്ടിന് നിരന്തരം വേദന സംഹാരികള്‍ കുത്തിവയ്ക്കുന്നതായും പറയുന്നു. ഇതിന്റെ ഫലമായാണ് പുട്ടിന്റെ മുഖത്ത് വണ്ണം കൂടിവരുന്നതത്രെ. പുട്ടിന് പ്രോസ്റ്റേറ്റ് കാന്‍സറുണ്ടെന്നും സംശയമുണ്ട്. പുട്ടിന്റെ ഓര്‍മയിലും തകരാറ് സംഭവിച്ചിട്ടുണ്ടെന്നാണ് സംസാരം.

70കാരനായ പുട്ടിന്‍ ചില പൊതുപരിപാടികളില്‍ നില്‍ക്കാന്‍ പാടുപെടുന്നതിന്റെയും കൈകള്‍ വിറയ്ക്കുന്നതിന്റെയും ചിത്രങ്ങളും വീഡിയോകളും മുമ്ബ് പുറത്തുവന്നിട്ടുണ്ട്. പുട്ടിന്റെ രൂപത്തില്‍ വന്ന വ്യത്യാസം ചൂണ്ടിക്കാട്ടി അദ്ദേഹം ബോഡി ഡബിളിനെ ഉപയോഗിക്കുകയാണെന്നും അഭ്യൂഹങ്ങള്‍ വ്യാപകമാണ്. പുട്ടിന് പകരം പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നത് അദ്ദേഹവുമായി സാദൃശ്യമുള്ള മൂന്ന് അപരന്‍മാരാണെന്ന് അടുത്തിടെ ഒരു യുക്രെയിന്‍ ഉന്നത സൈനിക ഉദ്യോഗസ്ഥന്‍ ആരോപിച്ചിരുന്നു.

റഷ്യയിലെ ഒരു സൈനിക പരിശീലന കേന്ദ്രം സന്ദര്‍ശിക്കുന്ന പുട്ടിന്റെ ചിത്രങ്ങളില്‍ അദ്ദേഹത്തിന്റെ കൈയ്യില്‍ കറുത്ത നിറവും കുത്തിവയ്പ് നടത്തിയതിന്റേതെന്ന് കരുതുന്ന അടയാളവും കാണാമെന്ന അവകാശവാദം കഴിഞ്ഞ ദിവസം ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ചിത്രങ്ങളില്‍ പുട്ടിന്റെ മുഖം കൂടുതല്‍ ഗൗരവത്തോടെ കാണപ്പെട്ടതും അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ കാരണമായി.