കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ യാത്രക്കാരൻ കൊണ്ടുവന്ന കുഞ്ഞുടുപ്പുകളിൽ നിന്ന് 195 ‘സ്വര്‍ണ്ണ ബട്ടണുകൾ’, വിമാനത്തിലെ ശുചിമുറിയിൽ നിന്നു സ്വർണമിശ്രിതപ്പൊതി എന്നിവ കണ്ടെടുത്തു. കുട്ടികളുടെ വസ്ത്രങ്ങളിൽ ബട്ടൺ എന്നു തോന്നും വിധത്തിൽ വെള്ളി നിറം പൂശിയാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്.
ദുബായിൽ നിന്നെത്തിയ കാസർകോട് സ്വദേശി ഫയാസ് അഹമ്മദ് റാണ (26) ആണ് കരിപ്പൂരിൽ എയർ കസ്റ്റംസ് ഇന്റലിജൻസിന്റെ പിടിയിലായത്. 349 ഗ്രാം ബട്ടണുകൾക്ക് 17.76 ലക്ഷം രൂപ വില വരും. സംശയം തോന്നിയ ഉദ്യോഗസ്ഥർ വിശദമായ പരിശോധന നടത്തുകയായിരുന്നു.
ഷാർജയിൽനിന്ന് എത്തിയ വിമാനത്തിന്റെ ശുചിമുറിയിൽനിന്ന് 69.32 ലക്ഷം രൂപയുടെ സ്വർണ്ണവും പിടികൂടി. ശുചീകരണത്തൊഴിലാളികളാണ് സ്വർണ്ണ മിശ്രിതപ്പൊതി കണ്ടത്. ഉടൻ കസ്റ്റംസിനെ വിവരമറിയിക്കുകയായിരുന്നു. 1.6 കിലോഗ്രാം മിശ്രിതത്തിൽനിന്ന് 1.362 കിലോഗ്രാം സ്വർണ്ണം വേർതിരിച്ചെടുത്തതായി കസ്റ്റംസ് അറിയിച്ചു.