ന്യൂഡല്‍ഹി: ഇന്ത്യ മിസൈല്‍ പരീക്ഷണത്തിന് ഒരുങ്ങുന്നു. നവംബര്‍ 10നും 11നും ഇടയില്‍ ഒഡിഷയിലെ അബ്ദുല്‍ കലാം ദ്വീപില്‍ നിന്നാണ് ഇന്ത്യയുടെ പുതിയ മിസൈല്‍ കുതിച്ചുയരുക. അതേസമയം ഇന്ത്യയുടെ മിസൈല്‍ പരീക്ഷണത്തിന് മുന്നോടിയായി ‘ചാരപ്പണി നടത്താന്‍’ കപ്പല്‍ അയച്ചിരിക്കുകയാണ് ചൈന. ഇന്ത്യന്‍ മിസൈല്‍ പരീക്ഷണങ്ങള്‍ നിരീക്ഷിക്കാന്‍ കഴിയുന്ന യുവാന്‍ വാങ് 6 എന്ന കപ്പലാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് ചൈന അയച്ചതെന്നാണ് റിപ്പോര്‍ട്ട്.
യുവാന്‍ വാങ്6 നിലവില്‍ ബാലിക്ക് സമീപമുണ്ടെന്ന് മറൈന്‍ ട്രാഫിക് അറിയിച്ചു. ഇന്ത്യയുടെ മിസൈല്‍ പരീക്ഷണം നിരീക്ഷിക്കാനാണ് ചൈന ഈ ചാരക്കപ്പല്‍ അയച്ചിരിക്കുന്നത്. നവംബര്‍ 10നും 11നും ഇടയില്‍ ഒഡിഷയിലെ അബ്ദുല്‍ കലാം ദ്വീപിലാണ് (വീലര്‍ ദ്വീപ്) 2,200 കിലോമീറ്റര്‍ പരിധിയുള്ള മിസൈല്‍ പരീക്ഷിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നത്. ഇത് മനസ്സിലാക്കിയാണ് ചൈനയുടെ കപ്പല്‍ എത്തിയിരിക്കുന്നത്.
ഇന്ത്യ ഇടയ്ക്കിടെ ബാലിസ്റ്റിക് മിസൈലുകള്‍ പരീക്ഷിക്കാറുണ്ട്. ഇതിനു മുന്നോടിയായാണ് ചൈനീസ് കപ്പല്‍ എത്തിയതെന്നാണ് നിഗമനം. മിസൈല്‍ നിരീക്ഷിക്കാനാണോ കപ്പല്‍ അയച്ചതെന്നും ആശങ്കയുണ്ട്.
ഈ വര്‍ഷം ഓഗസ്റ്റില്‍, ചൈനയുടെ യുവാന്‍ വാങ്5 എന്ന കപ്പല്‍ ശ്രീലങ്കയിലെ ഹംബന്തോട്ട തുറമുഖത്തു നങ്കൂരമിട്ടിരുന്നു. ഇന്ത്യയുടെ എതിര്‍പ്പ് വകവയ്ക്കാതെ ശ്രീലങ്ക പ്രവേശനാനുമതി നല്കിയ കപ്പല്‍ ആറു ദിവസത്തിനു ശേഷമാണ് ചൈനയിലെ ജിയാങ് യിന് തുറമുഖത്തേക്ക് മടങ്ങിയത്. ഹംബന്തോട്ട തുറമുഖത്തിന്റെ പൂര്‍ണ അവകാശം ചൈനയ്ക്കാണ്.