പ്രാഥമിക ഓഹരി വിൽപ്പനയ്ക്കൊരുങ്ങി കെയ്ൻസ് ടെക്നോളജി

പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് അന്തിമ തയ്യാറെടുപ്പുകൾ നടത്തി പ്രമുഖ ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് സർവീസസ് കമ്പനിയായ കെയ്ൻസ് ടെക്നോളജി. റിപ്പോർട്ടുകൾ പ്രകാരം, നവംബർ 10 മുതലാണ് ഐപിഒ ആരംഭിക്കുന്നത്. 5 ദിവസം നീണ്ടുനിൽക്കുന്ന ഐപിഒ നവംബർ 14 ന് സമാപിക്കും. പ്രധാനമായും പുതിയ ഓഹരികളുടെ വിൽപ്പനയും, ഓഫർ ഫോർ സെയിലുമാണ് നടക്കുക. 530 കോടി രൂപയുടെ പുതിയ ഓഹരികളും, ഓഫർ ഫോർ സെയിലിലൂടെ 55,84,664 ഓഹരികളുമാണ് ഐപിഒയ്ക്ക് എത്തുക. 559 രൂപ മുതൽ 587 രൂപ വരെയാണ് ഐപിഒയുടെ പ്രൈസ് ബ്രാൻഡ് നിശ്ചയിച്ചിരിക്കുന്നത്.

വായ്പ തിരിച്ചടവ്, നിക്ഷേപം, പ്രവർത്തന മൂലധനം തുടങ്ങിയ ആവശ്യങ്ങൾക്കാണ് പുതിയ ഓഹരികളുടെ വിൽപ്പനയിലൂടെ സമാഹരിക്കുന്ന തുക വിനിയോഗിക്കുക. പ്രീ- ഐപിഒ പ്ലേസ്മെന്റിലൂടെ 55.85 രൂപ നിരക്കിൽ കമ്പനിയുടെ 23,38,760 ഓഹരികൾ Acacia Banyan Partners, Volrado Venture Partners എന്നിവർ ഇതിനോടകം ഏറ്റെടുത്തിട്ടുണ്ട്.

മൂന്ന് പതിറ്റാണ്ടിലേറെ പ്രവർത്തന പാരമ്പര്യമാണ് ഇലക്ട്രോണിക്സ് സിസ്റ്റം ആൻഡ് ഡിസൈൻ മാനുഫാക്ചറിംഗ് സർവീസസ് രംഗത്ത് കെയ്ൻസ് ടെക്നോളജിക്ക് ഉള്ളത്. മൈസൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കമ്പനിക്ക് ഹരിയാന, ഹിമാചൽ പ്രദേശ്, തമിഴ്നാട്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിർമ്മാണ യൂണിറ്റുകളുണ്ട്.