ഉത്സവ സീസണുകൾ സമാപിച്ചതോടെ ഇന്ത്യൻ ഇലക്ട്രിക് ടൂവീലർ വിപണി ഒക്ടോബറിൽ കാഴ്ചവച്ചത് വൻ മുന്നേറ്റം. മുൻ വർഷം ഇതേ കാലയളവിനേക്കാൾ 286 ശതമാനം വളർച്ചയാണ് ഈ ഒക്ടോബറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. വാഹൻ പോർട്ടലിലെ കണക്കുകൾ പ്രകാരം, 76,581 ഇലക്ട്രിക് സ്കൂട്ടറുകളുടെ രജിസ്ട്രേഷനാണ് ഒക്ടോബറിൽ നടന്നിട്ടുള്ളത്. കഴിഞ്ഞ വർഷം ഒക്ടോബറിലെ ഇലക്ട്രിക് സ്കൂട്ടറുകളുടെ വിൽപ്പന 19,286 മാത്രമായിരുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ മുന്നേറ്റത്തിന് നിരവധി വിപണി ഘടകങ്ങൾ സഹായിച്ചിട്ടുണ്ട്.
ഒക്ടോബറിൽ ഒല ഇലക്ട്രികാണ് ഏറ്റവുമധികം ഇലക്ട്രിക് വാഹനങ്ങൾ വിറ്റഴിച്ചത്. 16,170 യൂണിറ്റുകൾ വിൽക്കാൻ ഒല ഇലക്ട്രിക്കിന് സാധിച്ചിട്ടുണ്ട്. ഇതോടെ, ഒലയുടെ വിപണി വിഹിതം 21 ശതമാനമായി ഉയർന്നു. 19.5 ശതമാനം വിപണി വിഹിതവുമായി രണ്ടാം സ്ഥാനത്ത് എത്തിയത് ഒക്കിനോവ ഓട്ടോടെക് ഇലക്ട്രിക് ആണ്.
ഇലക്ട്രിക്ക് വാഹന വിപണിയിൽ പുതിയ കമ്പനികളുടെ കടന്നുവരവ്, മികച്ച നിലവാരമുള്ള മോഡലുകൾ, പരമ്പരാഗത മോഡലുകളെ അപേക്ഷിച്ച് കാര്യമായ വില വ്യത്യാസമില്ലായ്മ, കുറഞ്ഞ മെയിന്റനൻസ് ചിലവ് എന്നിവയാണ് ഉത്സവകാല കുതിപ്പിന് സഹായിച്ച ഘടകങ്ങൾ. ഇവ ഇലക്ട്രിക് വാഹന രംഗത്തേക്ക് നിരവധി പേരെ ആകർഷിച്ചിട്ടുണ്ട്.