തൃശൂർ: ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുന്ന അധ്യാപിക കോവിഡ് കാലത്താണ് ട്യൂഷന് എടുത്തു തുടങ്ങിയത്. ഇവർക്ക് മക്കളില്ല. നിരവധി വിദ്യാർഥികൾ ഇവരുടെ അടുത്ത് ട്യൂഷൻ പഠിക്കാൻ എത്തുന്നുണ്ട്. നേരത്തെ ഫിറ്റ്നസ് സെന്ററില്‍ പരിശീലകയായും ജോലി നോക്കിയിരുന്നു. ഇതിനിടെയാണ് ഇവർക്കെതിരെ പീഡനക്കേസ് ഉണ്ടായിരിക്കുന്നത്. ട്യൂഷൻ പഠനത്തിനെത്തിയ വിദ്യാർഥിയെ മദ്യം നൽകി ലൈംഗികമായി ചൂഷണം ചെയ്ത ഈ സംഭവത്തിൽ അധ്യാപിക അറസ്റ്റിലായി. അധ്യാപികയ്ക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
പതിനാറുകാരനായ വിദ്യാർഥിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി സ്കൂളിലെ അധ്യാപകർ, ഏർപ്പെടുത്തിയ കൗണ്‍സിലിങ്ങിലാണ് ചൂഷണത്തിന് ഇരയായ വിവരം വിദ്യാർഥി വെളിപ്പെടുത്തിയത്. പതിനാറുകാരനെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയമാക്കി. രഹസ്യമൊഴിയും രേഖപ്പെടുത്തി. തരക്കേടില്ലാതെ പഠിക്കുന്ന വിദ്യാർഥി അടുത്തിടെ ക്ലാസിൽ ശ്രദ്ധിക്കാതായതോടെയാണ് അധ്യാപകർ വിഷയത്തിൽ ഇടപെട്ടത്. പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് ഇതേക്കുറിച്ച് ചോദിച്ചെങ്കിലും വിദ്യാർഥി കൃത്യമായി ഉത്തരം പറഞ്ഞില്ല.
ഇതോടെ വിദ്യാർഥിയെ കൗൺസിലിങ്ങിന് വിധേയമാക്കാൻ തീരുമാനിക്കുകയായിരുന്നു. കൗണ്‍സിലിങ് നടത്തിയയാളോട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് വിദ്യാർഥി നടത്തിയത്. ‘ട്യൂഷന് പഠനത്തിന് എത്തിയപ്പോൾ അധ്യാപിക മദ്യം നല്‍കുകയും ഉപദ്രവിക്കുകയും ചെയ്തു’. കൗണ്‍സിലര്‍ ഇക്കാര്യം ഉടൻതന്നെ അധ്യാപകരെ അറിയിച്ചു.
അധ്യാപകർ ശിശുക്ഷേമ സമിതി അംഗങ്ങളോട് വിവരം പറഞ്ഞു. ശിശുക്ഷേമ സമിതി അംഗങ്ങള്‍ തൃശൂര്‍ മണ്ണുത്തി പൊലീസിന് വിവരങ്ങള്‍ കൈമാറി. തുടർന്ന് സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ പൊലീസ് ട്യൂഷന് അധ്യാപികയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. കുട്ടി പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് അധ്യാപിക പൊലീസിനോട് സമ്മതിച്ചു.