ചരക്ക് സേവന നികുതിയുമായി ബന്ധപ്പെട്ട ഇടപാടുകൾ എളുപ്പത്തിൽ നടത്താൻ തത്സമയ ജിഎസ്ടി പേയ്മെന്റ് സംവിധാനവുമായി പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്ക്. കേന്ദ്ര പരോക്ഷ നികുതി, കസ്റ്റംസ് ബോർഡ് അംഗീകരിച്ചതിനെ തുടർന്നാണ് ഫെഡറൽ ബാങ്ക് ജിഎസ്ടി അടയ്ക്കാനുള്ള സംവിധാനം സജ്ജമാക്കിയത്. ഫെഡറൽ ബാങ്ക് ഇടപാടുകാർക്ക് ജിഎസ്ടി പേയ്മെന്റുകൾ നടത്താൻ വിവിധ മാർഗ്ഗങ്ങൾ ഉപയോഗിക്കാവുന്നതാണ്. നെറ്റ് ബാങ്കിംഗ് മുഖേനയുള്ള ഇ- പേയ്മെന്റ്, നെഫ്റ്റ്/ ആർടിജിഎസ് (ഓൺലൈൻ/ ഓഫ്ലൈൻ) കൗണ്ടറിലൂടെ അടയ്ക്കുന്ന കാശ്, ചെക്ക്, ഡിഡി തുടങ്ങിയവയാണ് പ്രധാന പേയ്മെന്റ് സംവിധാനങ്ങൾ.
പുതിയ സംവിധാനം നിലവിൽ വന്നതോടെ, നികുതി അടവുകൾക്കായി ഇടപാടുകാർക്ക് മെച്ചപ്പെട്ട സേവനമാണ് ഫെഡറൽ ബാങ്ക് നൽകുന്നത്. ഫെഡറൽ ബാങ്കിന്റെ ഇടപാടുകാർക്ക് ഫെഡറൽ ബാങ്കിന്റെ രാജ്യത്തുടനീളമുളള 1,300 ലേറെ ശാഖകളിൽ ഈ സേവനം ലഭിക്കുന്നതാണ്. ഇ- പേയ്മെന്റ്, ശാഖയിൽ നേരിട്ട് എത്തിയുള്ള പേയ്മെന്റ് എന്നിവ തൽസമയം തീർപ്പാക്കും. അതേസമയം, മറ്റു ബാങ്കുകളുടെ ചെക്കുകൾ മുഖേനയുള്ള പേയ്മെന്റുകളുടെ ക്ലിയറിംഗ് നടക്കാൻ സമയം ആവശ്യമാണ്.