തെരുവുനായകൾക്ക് പൊതുസ്ഥലങ്ങളിൽ ഭക്ഷണം നൽകാൻ ഉചിതമായ മാർഗ്ഗം വേണമെന്നും പൊതുസ്ഥലങ്ങളിൽ തെരുവ് നായകൾക്ക് ഭക്ഷണം നൽകുന്നത് ഒഴിവാക്കാനാകില്ലെന്നും സുപ്രിം കോടതി. ഭക്ഷണം ലഭിച്ചില്ലെങ്കിൽ തെരുവ് നായകൾ കൂടുതൽ അക്രമകാരികളാകുമെന്നും കോടതി സൂചിപ്പിച്ചു. ബോംബെ ഹൈക്കോടതി വിധിയ്ക്ക് എതിരായ ഹർജ്ജിയിലാണ് സുപ്രിം കോടതിയുടെ നിലപാട്. തെരുവു നായകളെ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നവർ അതിനെ വീടുകളിലെയ്ക്ക് കൊണ്ട് പോകണം എന്ന നിലപാട് ശരിയല്ലെന്നും സുപ്രിം കോടതി വ്യക്തമാക്കി.തെരുവ് നായ്ക്കളെ സംരക്ഷിക്കുന്ന വിഷയത്തിൽ ബോംബെ ഹൈക്കോടതി നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. റോഡിലും തെരുവോരങ്ങളിലും അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നായകളെ പരിപാലിക്കാനും ഭക്ഷണം കൊടുക്കാനും ആഗ്രഹിക്കുന്നവർ ആദ്യം അവയെ ഔദ്യോഗികമായി ദത്തെടുക്കണമെന്നും പരിപാലനം വീടിനുള്ളിൽ മാത്രമാകണമെന്നുമായിരുന്നു ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിന്റെ ഉത്തരവ്.
‘നായകളെ പരിപാലിക്കണമെന്നോ ഭക്ഷണം കൊടുക്കണമെന്നോ ആഗ്രഹിക്കുന്നവർ അത് ചെയ്യേണ്ടത് റോഡിലല്ല. അങ്ങനെ പരിപാലിക്കണമെന്നുണ്ടെങ്കിൽ ആദ്യം അവയെ ദത്തെടുത്ത് സ്വന്തമാക്കണം. അതിന് ശേഷം വീടിനുള്ളിൽ കൊണ്ടുപോയി പരിപാലിക്കാം. ഭക്ഷണം നൽകാം. നാഗ്പൂരിലും പരിസര പ്രദേശങ്ങളിൽ എവിടെയും നായകൾക്ക് റോഡിൽ വച്ച് ഭക്ഷണം കൊടുക്കരുത്. യഥാർത്ഥ ജീവകാരുണ്യ പ്രവർത്തനം കേവലം ഭക്ഷണം കൊടുക്കുന്നതിലല്ല, മറിച്ച് പാവപ്പെട്ട ജീവികളെ സ്വയം രക്ഷപ്പെടുത്തുന്നതിലാണ്’. ഇതാണ് ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നത്.