കോഴിക്കോട്: വിദ്യാർത്ഥികളോട് ലൈംഗിക ഉദ്ദേശ്യത്തോടെ സംസാരിക്കുകയും പെരുമാറുകയും ചെയ്ത ഹൈസ്കൂൾ അധ്യാപകൻ അറസ്റ്റിൽ. അത്തോളി കൊടശേരി തോട്ടോളി സ്വദേശി അബ്ദുൾ നാസറിനെ (52) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ആൺകുട്ടികളും പെൺകുട്ടികളുമടക്കം അഞ്ചു വിദ്യാർത്ഥികൾ പീഡനത്തിന് ഇരയായതായി പൊലീസ് അറിയിച്ചു. പെൺകുട്ടികളടക്കമുള്ള വിദ്യാർത്ഥികളുടെ പരാതിയിലാണ് അഞ്ച് കേസും രജിസ്റ്റർ ചെയ്തത്. പിന്നാലെ ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിംഗിലാണ് വിദ്യാർത്ഥികൾ പീഡന വിവരം വെളിപ്പെടുത്തിയത്. ഹൈക്കോടതിയിൽ ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് ഇയാൾ എലത്തൂർ സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു.
മൂന്നാഴ്ച മുമ്പായിരുന്നു കൗൺസിലിംഗ്. കൂടുതല്‍ പേര് പീഡനത്തിനിരയായിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.