ന്യൂഡൽഹി∙ രാജ്യത്തെ ഞെട്ടിച്ച ശ്രദ്ധ വോൾക്കർ കൊലപാതകത്തിൽ പുറത്തുവരുന്നത് മനുഷ്യമനസ്സാക്ഷിയെ മരവിപ്പിക്കുന്ന വിവരങ്ങൾ. ശ്രദ്ധയെ കൊലപ്പെടുത്തിയ ലിവ്–ഇൻ പാർട്നർ അഫ്താബ് അമിൻ പൂനാവല ഡൽഹി പൊലീസിനോടു വെളിപ്പെടുത്തിയതു കൊടുംക്രൂരത. ശ്രദ്ധയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി 35 കഷണങ്ങളായി ശരീരം വെട്ടിനുറുക്കിയശേഷം മുഖത്ത് തീയിട്ടെന്ന അഫ്താബിന്റെ മൊഴിയുടെ വിശദാംശങ്ങളും പുറത്തുവന്നു. ശ്രദ്ധയെ തിരിച്ചറിയാതിരിക്കാനാണ് മുഖത്ത് തീയിട്ടത്. കൊലയ്ക്കുശേഷം എങ്ങനെ മൃതദേഹ ഭാഗങ്ങൾ നശിപ്പിച്ചുകളയാമെന്ന് ഇയാൾ ഇന്റർനെറ്റിൽ തിരഞ്ഞുവെന്ന് ഡൽഹി പൊലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
∙ ഡിഎൻഎ പരിശോധന
ജൂണിൽ മനുഷ്യന്റെ തലയും ചില ശരീരഭാഗങ്ങളും ഡൽഹി പൊലീസിന്റെ ഈസ്റ്റേൺ ഡിസ്ട്രിക്ട് വിഭാഗത്തിന്റെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽനിന്നു ലഭിച്ചിരുന്നു. ഇതു ശ്രദ്ധയുടേതാണെന്ന സംശയം ഉയർന്നിട്ടുണ്ട്. പാണ്ഡവ് നഗർ പൊലീസിന്റെ അധീനതയിലുള്ള ത്രിലോക്പുരി മേഖലയിൽനിന്ന് തലയും കൈയുടെ ഭാഗങ്ങളുമാണ് ഈസ്റ്റ് ഡൽഹി പൊലീസ് കണ്ടെത്തിയത്. മേയ് 18നാണ് ശ്രദ്ധ കൊല്ലപ്പെടുന്നത്.
ഏകദേശം ഒരു മാസത്തിനു ശേഷമായിരുന്നു മൃതദേഹഭാഗങ്ങൾ കണ്ടെത്തിയത്. അഴുകിയ നിലയിൽ ആയതിനാൽ ആരുടെ ശരീരഭാഗങ്ങളാണെന്നുപോലും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ഇവ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചിരുന്നു. ഫലം ഉടനെ ലഭ്യമാകും. ഇതും മറ്റു സ്ഥലങ്ങളിൽനിന്നു ലഭിച്ച ശരീരഭാഗങ്ങളുടെ ഡിഎൻഎയും ഒത്തുനോക്കും.
∙ വാട്ടർ ബില്ലും ‘കുടുക്കി’
ശ്രദ്ധ ഫ്ലാറ്റ് വിട്ടുപോയെന്നും താനൊറ്റയ്ക്കാണ് താമസമെന്നുമാണ് അഫ്താബ് ആദ്യം പൊലീസിനോടു പറഞ്ഞിരുന്നത്. എന്നാൽ ഡൽഹിയിൽ ഒറ്റയ്ക്കു താമസിച്ചിട്ടും അഫ്താബിന് 300 രൂപയുടെ വാട്ടർ ബിൽ ലഭിച്ചത് പൊലീസിൽ സംശയം ഉണർത്തി. ഡൽഹിയിൽ മാസം 20,000 ലീറ്റർ വെള്ളം സൗജന്യമാണ്. അതിനാൽതന്നെ മിക്ക കുടുംബങ്ങൾക്കും ബിൽ അടയ്ക്കേണ്ടിവരാറില്ല. ഈ സാഹചര്യത്തിലാണ് ഒരാൾ ഒറ്റയ്ക്കു താമസിച്ചിട്ടും 300 രൂപയുടെ ബിൽ അടയ്ക്കേണ്ടിവന്നത്. ഇതു കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തി.
ശ്രദ്ധയെ കൊന്നശേഷം ഫ്ലാറ്റ് വൃത്തിയാക്കാനും മറ്റും അഫ്താബ് ധാരാളം വെള്ളം ഉപയോഗിച്ചെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. മൃതദേഹം വെട്ടിനുറുക്കുന്നതിനിടെ ശബ്ദമൊന്നും പുറത്തു കേൾക്കാതിരിക്കാൻ പൈപ്പുകൾ തുറന്നിട്ടിരിക്കാമെന്നും ശരീരത്തിൽനിന്നു രക്തം കഴുകിക്കളയാൻ ചൂടുവെള്ളം ഉപയോഗിച്ചിരിക്കാമെന്നും ഫ്ലാറ്റിന്റെ നിലം വൃത്തിയാക്കാൻ രാസവസ്തുക്കൾക്കൊപ്പം ധാരാളം വെള്ളം ഉപയോഗിച്ചതായും പൊലീസ് കരുതുന്നു.