തിരുവനന്തപുരം∙ ലോട്ടറി വകുപ്പിന്റെ വിവിധ ഭാഗ്യക്കുറികളുടെ ഫലം ഇനി യുട്യൂബിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും തൽസമയം ജനങ്ങളിലേക്കെത്തും. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും വാർത്താ ചാനലുകളിലൂടെയും പത്രങ്ങളിലൂടെയുമാണ് ഇപ്പോൾ ഫലം നൽകുന്നത്. ലോട്ടറി ഫലം പ്രസിദ്ധീകരിക്കുന്ന സ്വകാര്യ സൈറ്റുകളിലും യുട്യൂബ് ചാനലുകളിലും തെറ്റായ ഫലം വരുന്ന സാഹചര്യത്തിലാണ് നടപടി.
സ്വകാര്യ യുട്യൂബ് ചാനലുകളിലും സൈറ്റുകളിലും പ്രസിദ്ധീകരിക്കുന്ന ലോട്ടറി ഫലങ്ങളിൽ ചില അക്കങ്ങളും അക്ഷരങ്ങളും മാറിപ്പോകുകയും ലോട്ടറി അടിച്ചെന്നു തെറ്റിദ്ധരിച്ച് സമ്മാനത്തിനായി ആളുകൾ ലോട്ടറി ഓഫിസുകളിലെത്തി തർക്കമുണ്ടാക്കുകയും ചെയ്യുന്ന സംഭവങ്ങൾ അടുത്തിടെ വർധിച്ചിരുന്നു. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക യുട്യൂബ് ചാനലിലും സമൂഹമാധ്യമ പേജുകളിലും ലൈവായി ഫലങ്ങൾ നൽകിത്തുടങ്ങിയാൽ, ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക സൈറ്റാണെന്നു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന സൈറ്റുകൾക്കെതിരെ നിയമനടപടി സ്വീകരിക്കും. അതേസമയം, ലോട്ടറി വകുപ്പിന്റെ ഫലപ്രഖ്യാപനത്തിന്റെ ലൈവ് നൽകുന്നതിനു തടസ്സമില്ലഡിസംബർ മുതൽ നറുക്കെടുക്കുന്ന ടിക്കറ്റുകളുടെ ലൈവ് ഫലം യുട്യൂബിലൂടെയും സമൂഹമാധ്യമത്തിലൂടെയും നൽകാനാണ് ലോട്ടറി ഡയറക്ടറേറ്റിന്റെ ആലോചന. ഇതിനു സർക്കാരിന്റെ അംഗീകാരം ലഭിക്കണം. സ്വകാര്യ യുട്യൂബ് ചാനലുകളും സൈറ്റുകളും ഓരോ തവണയും ഫലം തെറ്റായി നൽകുമ്പോൾ പൊലീസിൽ പരാതി നൽകാറുണ്ടെന്നു ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇനി, തെറ്റായ ഫലം പ്രസിദ്ധീകരിക്കുന്ന സൈറ്റുകൾ നിർത്താൻ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെടും. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക യുട്യൂബ്, സമൂഹ മാധ്യമ അക്കൗണ്ടുകൾ പ്രവർത്തനം ആരംഭിച്ചാൽ മാത്രമേ നടപടികൾ ഫലപ്രദമാകൂ എന്നതിനാലാണ് നിയമ നടപടികൾ വൈകിയത്.
ഔദ്യോഗിക ഫലപ്രഖ്യാപനത്തെ മാത്രം ആശ്രയിക്കാൻ ജനങ്ങൾക്ക് ബോധവൽക്കരണം നൽകും. കൂടാതെ വാർത്താ ചാനലിലൂടെയും പത്രത്തിലൂടെയും നൽകുന്ന ഔദ്യോഗിക വാർത്തയെ മാത്രം ആശ്രയിക്കാനും നിർദേശിക്കും. 45 ഓളം സ്വകാര്യ സൈറ്റുകളും യു ട്യൂബ് ചാനലുകളും അനധികൃതമായി ലോട്ടറി ഫലം നൽകുന്നതായാണ് ലോട്ടറി വകുപ്പിന്റെ കണ്ടെത്തൽ. വാർത്താ ചാനലുകളിൽ വരുന്ന ലൈവ് നോക്കിയാണ് ഇവർ ഫലം നൽകുന്നത്. ഫലം തെറ്റിയാലും സ്വകാര്യ സൈറ്റുകൾക്ക് പ്രശ്നമില്ല. ജനങ്ങളുടെ പരാതി കേള്ക്കേണ്ടി വരുന്നത് ലോട്ടറി വകുപ്പാണ്. ഔദ്യോഗിക സൈറ്റിൽ ഫലം നോക്കുന്നതിന്റെ എത്രയോ ഇരട്ടി ആളുകളാണ് സ്വകാര്യ സൈറ്റുകളെ ആശ്രയിക്കുന്നതെന്ന് അധികൃതർ പറയുന്നു.
സമ്മാനം പ്രഖ്യാപിക്കുമ്പോൾ തെറ്റുകൾ സംഭവിച്ചാൽ യഥാർഥ ജേതാവിനു തുക കൊടുക്കാൻ ലോട്ടറി വകുപ്പ് ബാധ്യസ്ഥരാണ്. ഫലപ്രഖ്യാപനത്തിൽ തെറ്റുണ്ടായാൽ തിരുത്താൻ മാധ്യമങ്ങൾക്കും ഉത്തരവാദിത്തമുണ്ട്. ലോട്ടറി അച്ചടിക്കുമ്പോൾ നമ്പരുകൾ ആവർത്തിക്കുകയും ആ ടിക്കറ്റിന് സമ്മാനം ലഭിക്കുകയും ചെയ്താൽ രണ്ടു പേർക്കും സമ്മാനം കൊടുക്കേണ്ടത് പ്രിന്റിങ് പ്രസിന്റെ ഉത്തരവാദിത്തമാണ്. ഇത്തരം ഉത്തരവാദിത്തങ്ങളില്ലാത്തതിനാലാണ് സ്വകാര്യ സൈറ്റുകളും യുട്യുബ് ചാനലുകളും അശ്രദ്ധമായി ഫലം കൊടുക്കുന്നത്.