ഗാസയിലെ അഭയാര്‍ത്ഥി ക്യാംപില്‍ തീപിടുത്തം; ഏഴ് കുട്ടികളടക്കം 21 പേര്‍ മരിച്ചു

ഗാസ: ഗാസ സിറ്റിയിലെ ഒരു അഭയാര്‍ത്ഥി ക്യാംപിലുണ്ടായ തീപിടുത്തത്തില്‍ വന്‍ അപകടം. തീപിടുത്തത്തില്‍ ഏഴ് കുട്ടികളടക്കം 21 പേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ബി ബി സി റിപ്പോര്‍ട്ട് ചെയ്യുന്നു. ജബാലിയയിലെ ക്യാംപിലാണ് തീപിടുത്തമുണ്ടായത്.തീപിടുത്തം അഗ്‌നിശമനസേനാംഗങ്ങള്‍ക്ക് നിയന്ത്രിക്കാനായതായി ഹമാസ് അറിയിച്ചു. 21 പേര്‍ കൊല്ലപ്പെട്ടു എന്ന് ഗാസയിലെ സിവില്‍ ഡിഫന്‍സ് യൂണിറ്റ് പ്രസ്താവനയില്‍ സ്ഥിരീകരിച്ചു. പാചകവാതക ചോര്‍ച്ചയാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. സംഭവ സ്ഥലത്ത് വന്‍തോതില്‍ ഗ്യാസോലിന്‍ സൂക്ഷിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി ഗാസ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആളുകളുടെ നിലവിളി കേട്ടെങ്കിലും സഹായിക്കാന്‍ ചെല്ലാന്‍ പറ്റാത്ത തരത്തില്‍ തീ ആളിപടരുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്അഭയാര്‍ഥി ക്യാമ്പിലെ നാലുനില കെട്ടിടത്തിന്റെ അടുക്കളയില്‍ നിന്നാണ് ആദ്യം തീ പടര്‍ന്നത്. മരണ സംഖ്യ ഉയര്‍ന്നേക്കാമെന്ന് പലസ്തീന്‍ ആരോഗ്യ വിഭാഗം അറിയിച്ചു. ഗാസയിലെ എട്ട് അഭയാര്‍ഥി ക്യാമ്പുകളില്‍ ഒന്നാണ് ജബലിയയിലേത്. ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് ആറ് ലക്ഷത്തോളം അഭയാര്‍ഥികളാണ് ഇവിടെ കഴിയുന്നത്. ജബാലിയ ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നാണ്.
അപകടത്തെ ദേശീയ ദുരന്തം ആയി പ്രഖ്യാപിച്ച പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ് ഒരു ദിവസത്തെ ദുഃഖാചരണത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇരകള്‍ക്ക് സഹായം അയയ്ക്കാന്‍ വാഗ്ദാനം ചെയ്തതായി പ്രസിഡന്റിന്റെ വക്താവ് നബീല്‍ അബു റുദീനെ പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം ഗാസയെ തെക്കന്‍ ഇസ്രായേലുമായി ബന്ധിപ്പിക്കുന്ന എറെസ് ക്രോസിംഗ് തുറക്കാന്‍ മുതിര്‍ന്ന പിഎ ഉദ്യോഗസ്ഥന്‍ ഹുസൈന്‍ അല്‍ ഷെയ്ഖ് ഇസ്രായേലിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ രോഗികളെ ആവശ്യമെങ്കില്‍ ഗാസ മുനമ്പിന് പുറത്ത് ചികിത്സിക്കുന്നതിന് വേണ്ടിയാണ് ഇത്. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭയുടെ മിഡില്‍ ഈസ്റ്റ് സമാധാന ദൂതന്‍ ടോര്‍ വെന്നസ്ലാന്‍ഡ് രംഗത്തെത്തി. ഗുരുതരമായ വൈദ്യുതിക്ഷാമം കാരണം മെഴുകുതിരി കത്തിക്കുന്നതിനിടെ പോലുമുണ്ടാകുന്ന ചെറിയ തീപിടുത്തങ്ങള്‍ പലപ്പോഴും ഗാസയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. തീവ്രവാദികള്‍ക്കെതിരായ സുരക്ഷാ നടപടിയെന്ന നിലയില്‍ ഇസ്രായേലും ഈജിപ്തും ഈ പ്രദേശത്ത് ഏര്‍പ്പെടുത്തിയ ഉപരോധവും പലസ്തീന്‍ ആഭ്യന്തര രാഷ്ട്രീയ തര്‍ക്കങ്ങളും കാരണം പ്രദേശത്തെ ജനത തീരാദുരിതത്തിലുമാണ്.