പത്തനംതിട്ട: ഇലന്തൂർ ഇരട്ട നരബലിക്കേസിൽ ഡിഎൻഎ പരിശോധന പൂർത്തിയായി. പ്രതികളുടെ വീട്ടിൽ നിന്ന് ലഭിച്ച മൃതദേഹങ്ങൾ കൊല്ലപ്പെട്ട പത്മയുടേതും റോസ്ലിൻറേതുമാണെന്ന് സ്ഥിരീകരിച്ചു. പത്മയുടെ മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടു നൽകും.
കഴിഞ്ഞ ജൂൺ ആദ്യ ആഴ്ചയിലും സെപ്തംബർ അവസാന ആഴ്ചയിലുമായിട്ടാണ് കൊലപാതകങ്ങൾ നടന്നത്. 56 കഷണങ്ങളായിട്ടായിരുന്നു പത്മയുടെ മൃതദേഹം വെട്ടിമുറിച്ചത്. പത്മയുടെ മൃതദേഹം മൃതദേഹം വിട്ടു കിട്ടിയാലുടനെ ജന്മനാടായ തമിഴ്നാട്ടിൽ കൊണ്ടുപോയി സംസ്കരിക്കാനാണ് കുടുംബത്തിൻറെ തീരുമാനം. ഇലന്തൂർ സ്വദേശിയായ വൈദ്യൻ ഭഗവൽ സിംഗ്, ഭാര്യ ലൈല, പെരുമ്പാവൂർ സ്വദേശിയായ മുഹമ്മദ് ഷാഫി എന്നിവരാണ് കേസിലെ പ്രതികൾ.
വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മകൻ മുഖ്യമന്ത്രിക്ക് രണ്ട് തവണ കത്ത് നൽകിയിരുന്നു. കൊച്ചി പൊന്നുരുന്നിയിൽ താമസിച്ചിരുന്ന പത്മ( 52) തമിഴ്നാട് സ്വദേശിനിയാണ്. കൊച്ചി ചിറ്റൂർ റോഡിൽ ലോട്ടറിക്കച്ചവടം നടത്തിവരികയായിരുന്നു ഇവർ. സെപ്റ്റംബർ 26 നാണ് പത്മയെ കാണാതാകുന്നത്. ഈ മിസ്സിങ് കേസിൽ കടവന്ത്ര പൊലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകം പുറത്തു കൊണ്ടുവന്നത്. പത്മയുടെ മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് കടവന്ത്ര പോലീസിനെ തിരുവല്ല ഇലന്തൂരിൽ എത്തിച്ചത്.
സിനിമയില്‍ അഭിനയിക്കാന്‍ അവസരമുണ്ടെന്നും പത്ത് ലക്ഷം രൂപ പ്രതിഫലം വാങ്ങിത്തരാമെന്നും പ്രലോഭിപ്പിച്ചാണ് റോസ്ലിയെ ഇലന്തൂരിലെത്തിച്ചത്. റോസ്ലിയെ കൊലപ്പെടുത്തിയത് ലൈലയാണെന്നും പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.