കരിഓയില്‍ പോലെ എണ്ണ; ബിരിയാണിയില്‍ നിന്ന് മാറ്റിയ ഇറച്ചി: ഞെട്ടിച്ച് ഹോട്ടലുകൾ

കൊല്ലം ∙ കൊട്ടാരക്കരയില്‍ നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ ഹോട്ടലുകളില്‍നിന്ന് പഴകിയ ഭക്ഷണം പിടികൂടി. കരിഒായില്‍ പോലെയുളള പഴകിയ എണ്ണയും ബിരിയാണിയില്‍നിന്ന് മാറ്റിവച്ച ഇറച്ചിയും കണ്ടെത്തി. ഹോട്ടലുകളുടെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ ഉദ്യോഗസ്ഥര്‍ തയാറായില്ല.

എംസി റോഡിന്റെ ഇരുവശങ്ങളിലായി തിരുവനന്തപുരം ഭാഗത്തേക്കുളള ആറു ഹോട്ടലുകളിലായിരുന്നു നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ പരിശോധന. പഴകിയ എണ്ണ തുടര്‍ച്ചയായി ഉപയോഗിച്ചാണ് പാചകം ചെയ്തിരുന്നത്. അധികം വന്ന ബിരിയാണിയില്‍നിന്ന് ഇറച്ചി മാറ്റിവച്ച് വീണ്ടും ചൂടാക്കി നല്‍കുന്നതും പതിവാണെന്നു കണ്ടെത്തി.മണ്ഡലകാലമായതിനാല്‍ എംസി റോഡിലൂടെ വരുന്ന തീര്‍ഥാടകര്‍ ഏറെ ആശ്രയിക്കുന്ന ഹോട്ടലുകളാണിവ. രണ്ടാഴ്ച മുന്‍പും കൊട്ടാരക്കര നഗരത്തിലെ ഹോട്ടലുകളില്‍ ആരോഗ്യവിഭാഗം പരിശോധന നടത്തുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു.