കണ്ണൂര്‍: സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന്‍ പൊതുജീവിതത്തില്‍നിന്ന് മാറിനില്‍ക്കാന്‍ തിരുമാനിച്ചതായി മാധ്യമവാര്‍ത്തകൾ . എന്നാൽ ഇതിനോട് ജയരാജന്‍ പ്രതികരിച്ചില്ല. വ്യാഴാഴ്ച ഇ ബി എം ന്യൂസ് ചാനലാണ് വാര്‍ത്ത പുറത്തുവിട്ടത്. അനുകൂലിച്ചോ എതിര്‍ത്തോ ഒന്നും പറയാത്തതാണ് സംശയങ്ങള്‍ക്കിടവരുത്തിയത്. വര്‍ഷങ്ങള്‍ക്കുമുമ്പ് ജയരാജന്‍ പൊതുജീവിതം അവസാനിപ്പിക്കുന്നതായി ഒരു മാധ്യമത്തോട് പറഞ്ഞെങ്കിലും പിന്നീട് അദ്ദേഹം നിഷേധിച്ചിരുന്നു.
പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങളില്‍ കടുത്ത അതൃപ്തി അദ്ദേഹത്തിനുണ്ടെന്നറിയുന്നു. എല്‍.ഡി.എഫ്. കണ്‍വീനര്‍ എന്നനിലയില്‍ ഇ.പി. ജയരാജന്‍ നടത്തുന്ന ചില പ്രസ്താവനകള്‍ പാര്‍ട്ടിക്ക് ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നെന്ന് സെക്രട്ടേറിയറ്റില്‍വന്ന പരാമര്‍ശം ഇ.പി.യെ ചൊടിപ്പിച്ചതായും പറയുന്നു. പൊതുജീവിതത്തില്‍നിന്ന് മാറിനില്‍ക്കുന്നുവെന്ന മാധ്യമവാര്‍ത്തകള്‍ ജയരാജന്‍ നിഷേധിക്കാത്തതും പാര്‍ട്ടിക്ക് ബുദ്ധിമുട്ടാകുന്നുണ്ട്. രണ്ടാഴ്ചമുമ്പ് ഗവര്‍ണര്‍ക്കെതിരായി തിരുവനന്തപുത്തെ എല്‍.ഡി.എഫ്. സമരത്തില്‍ ഇടതുമുന്നണി കണ്‍വീനര്‍കൂടിയായ ഇ.പി. ജയരാജന്‍ പങ്കെടുക്കാത്തതാണ് ആദ്യമായി വിവാദമുണ്ടാക്കിയത്.
അദ്ദേഹം ഈ സമയത്ത് കണ്ണൂരിലേക്ക് വന്നെങ്കിലും പി.ബി. അംഗം എം.എ. ബേബി പങ്കെടുത്ത കണ്ണൂരിലെ പരിപാടിയിലും പങ്കെടുത്തില്ല. നവംബര്‍ അഞ്ചുവരെ ആരോഗ്യകാരണങ്ങളാല്‍ ജയരാജന്‍ പാര്‍ട്ടിയില്‍നിന്ന് അവധിയെടുത്തിരുന്നു. അവധി ഒരു മാസത്തേക്കുകൂടി നീട്ടി എന്നാണ് പങ്കെടുക്കാത്തതിന് വിശദീകരണം. പക്ഷേ, അവധിയെടുത്ത സമയത്തും അദ്ദേഹം നവംബര്‍ 5, 6 തീയതികളില്‍ ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തില്‍ പങ്കെടുത്തിരുന്നു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പറ്റാത്തതില്‍ ജയരാജന് അതൃപ്തിയുണ്ടായിരുന്നു. തുടര്‍ന്ന് പാര്‍ട്ടി സെക്രട്ടറിസ്ഥാനത്തേക്ക് സീനിയറായ തന്നെ അവഗണിച്ച് മന്ത്രിസ്ഥാനം രാജിവെപ്പിച്ച് എം.വി ഗോവിന്ദന് സ്ഥാനം നല്‍കിയതും അദ്ദേഹത്തിന് വിഷമമുണ്ടാക്കിയതായി സൂചനയുണ്ട്. കോടിയേരിക്കുശേഷം പാര്‍ട്ടി സെക്രട്ടറിയായി ഇ.പി. ജയരാജന്‍ വരുമെന്ന് പലരും കരുതിയിരുന്നു.