1998 ജൂലൈ 12. ഫുട്ബോൾ പ്രേമികൾക്ക് ഈ ദിവസം മറക്കാൻ കഴിയില്ല. ലോകകപ്പിന്റെ ഫൈനൽ ദിനം. അവസാന ദിനത്തിൽ ഏറ്റുമുട്ടുന്നത് കൊമ്പൻമാരായ ഫ്രാൻസും ബ്രസീലും. അതൊരു ഞായറാഴ്ചയായിരുന്നു. ചെന്നൈയിൽ അന്നു പതിവില്ലാത്ത വിധം കോരിച്ചൊരിയുന്ന മഴ. ഭാര്യ വീണയെ അവരുടെ വീട്ടിലാക്കിയശേഷം സുഹൃത്തുക്കൾക്കൊപ്പം ഫൈനൽ മത്സരം കാണാൻ ബൈക്കിൽ പോവുകയായിരുന്നു തമിഴ്നാടിന്റെ ദേശീയ ഫുട്ബോൾ താരം ശശികുമാർ. തെറ്റായ ദിശയിൽ വന്ന ഓട്ടോറിക്ഷ ഹെൽമറ്റ് ഗ്ലാസിനിടയിലൂടെ കണ്ടപ്പോഴേക്കും ബൈക്ക് മറിഞ്ഞിരുന്നു.ദേഹത്ത് ഒരു പോറൽപോലുമില്ല. പക്ഷേ, എഴുന്നേൽക്കാൻ കഴിയുന്നില്ല. ശരീരമാകെ മരവിച്ചതുപോലെ. മഴത്തുള്ളികളിലൊന്നുപോലും ശശികുമാറിനെ സ്പർശിച്ചില്ല. വെള്ളത്തിൽ കുളിച്ചുകിടന്നിട്ടും ആ നനവ് അദ്ദേഹം അറിഞ്ഞില്ല. ഓട്ടോ ഡ്രൈവർ ശശികുമാറിനെ ഓട്ടോയിൽ കയറ്റി ആശുപത്രിയിലെത്തിച്ചപ്പോഴേക്കും അരമണിക്കൂർ വൈകിയിരുന്നു. ശശികുമാറിനു ബോധമുണ്ട്. ചുറ്റും സംഭവിക്കുന്നതൊക്കെ അറിയുന്നുണ്ട്.‘ശശികുമാറിന് ഇനി നടക്കാനാവില്ല. ചലനം പോലും അസാധ്യം. ബൈക്കിന്റെ ബ്രേക്ക് പിടിച്ചപ്പോൾ ഹെൽമറ്റ് തലയ്ക്കുപിന്നിൽ ഞെരുങ്ങിപ്പോവുകയും സുഷുമ്നാ നാഡിക്കു ക്ഷതമേൽക്കുകയും ചെയ്തിരിക്കുന്നു.’ ഡോക്ടർമാർ വിധിയെഴുതി.18 വർഷം നീണ്ട ഫുട്ബോൾ ജീവിതത്തിനു തിരശീല വീഴുന്നു. ഇനി മൈതാനത്തേക്കില്ല! ആ തിരിച്ചറിവ് മരണതുല്യമായിരുന്നു. പിന്നീടങ്ങോട്ട് എന്നെങ്കിലുമൊരു ദിവസം കിടക്കവിട്ട് എഴുന്നേൽക്കും എന്ന ദൃഢനിശ്ചയത്തോടെ കാത്തിരിപ്പ്. കൂട്ടിന് ഭാര്യ വീണയും. ആ യാത്ര ഇന്ന് 24 വർഷം പിന്നിട്ടിരിക്കുകയാണ്. ഇപ്പോൾ ശരീരത്തിന്റെ 90 ശതമാനം സ്പർശന ശേഷിയും തിരിച്ചുകിട്ടിയിട്ടുണ്ട്. അതിനിടയിൽ വീണയ്ക്കു പിടിപെട്ട കാൻസറും വർഷങ്ങൾ നീണ്ട ചികിത്സകളും. ദുരന്തങ്ങൾ ഒന്നിനു പിന്നാലെ ഒന്നായി എത്തിയെങ്കിലും അതൊന്നും അവരുടെ ആത്മവിശ്വാസവും മനോബലവും തകർത്തില്ല. ഊട്ടിയിലെ കോത്തഗിരിയിലുള്ള വെഞ്ചർ സ്യൂട്സ് എന്ന വീട്ടിൽ അവർ രണ്ടുപേരുമുണ്ട്, പരസ്പരം താങ്ങും തണലുമായി.
ഫുട്ബോൾ ജീവശ്വാസം
മാതാപിതാക്കളായ കെ.വി.കണ്ണൻകുട്ടിയും സരോജവും മലയാളികളായിരുന്നെങ്കിലും ശശികുമാർ വളർന്നതും പഠിച്ചതും തമിഴ്നാട്ടിലാണ്. കുംഭകോണം സബ് കലക്ടറായിരുന്ന അച്ഛന്റെ സ്വദേശം കണ്ണൂർ. അമ്മ കാസർകോട് ഉദുമ സ്വദേശി. പിന്നീട് അച്ഛൻ വ്യവസായ വകുപ്പ് ജോയിന്റ് ഡയറക്ടറായി. 9–ാം ക്ലാസിൽ പഠിക്കുമ്പോഴാണ് തമിഴ്നാടിനുവേണ്ടി ദേശീയ സബ് ജൂനിയർ ഫുട്ബോൾ ടീമിൽ ആദ്യമായി കളിച്ചത്. പത്താംക്ലാസിനു ശേഷം കായിക പരിശീലനത്തിൽ കൂടുതൽ ശ്രദ്ധിക്കാനായി വിദൂര വിദ്യാഭ്യാസം വഴിയായിരുന്നു പഠനം. ഫുട്ബോളിനൊപ്പം ക്രിക്കറ്റിലും അത്ലറ്റിക്സിലും ശശികുമാർ മികവു തെളിയിച്ചു.
നീലഗിരി ജില്ലാ ക്രിക്കറ്റ് ടീമിലും കളിച്ചു. ഫുട്ബോൾ ജീവശ്വാസമായി കൊണ്ടുനടന്നിരുന്ന ആ കാലഘട്ടത്തെപ്പറ്റി പറയുമ്പോഴും ശശികുമാറിന്റെ കണ്ണുകളിൽ നിരാശയില്ല. ഉത്തമപോരാളിയുടെ വീര്യവും ചങ്കുറപ്പുമാണ് ആ വാക്കുകളിൽ നിറഞ്ഞുനിന്നത്. ‘ഞാനൊരു സ്പോർട്സ്മാൻ ആണ്. പരാജയങ്ങളിൽ പതറില്ല. എന്റെ ജീവിതത്തിൽ സംഭവിച്ചതൊക്കെയും സ്പോർട്സ്മാൻ സ്പിരിറ്റിലാണ് ഞാൻ കാണുന്നത്.’ ശശികുമാറിന്റ ആത്മവിശ്വാസം നിറയുന്ന വാക്കുകൾ.
ആറടിയിൽ കൂടുതൽ ഉയരവും ഉയർന്ന കായികശേഷിയുമുള്ള ശശികുമാറിനെ ഇന്നും ഓർക്കുന്നുണ്ടെന്ന് സന്തോഷ് ട്രോഫി മുൻ താരവും ഇന്ത്യൻ യൂത്ത് ടീമിന്റെ മുൻ പരിശീലകനുമായിരുന്ന സി.എം.രഞ്ജിത്ത് പറയുന്നു. ‘കളിക്കളത്തിലെ അദ്ദേഹത്തിന്റെ അതിവേഗ നീക്കങ്ങൾക്ക് ഒപ്പമെത്താൻ എതിരാളികൾ നന്നായി പണിപ്പെട്ടിരുന്നു. കളിക്കളത്തിലെ അതികായനായിരുന്നു ശശികുമാർ. ഇന്നും മൈതാനത്ത് അദ്ദേഹമുണ്ടായിരുന്നെങ്കിൽ അതുല്യവിജയങ്ങളുടെ വലിയ നിരതന്നെ അദ്ദേഹത്തിനൊപ്പമുണ്ടാകുമായിരുന്നു.’ രഞ്ജിത്ത് പറഞ്ഞു.
എടോ, തനിക്കെന്നെ കല്യാണം കഴിക്കാമോ ?
രാജസ്ഥാനിലെ ജയ്പൂർ സ്വദേശിയാണു വീണ. അച്ഛൻ മേജർ ബി.ജെ.മോഹൻസിങ് ചെന്നൈയിലാണ് ജോലി ചെയ്തിരുന്നത്. വീണ ചെന്നൈയിലെ താജ് ഹോട്ടൽ, ഇറാഖിലെ അൽ റഷീദ് ഹോട്ടൽ, ലീല ഗ്രൂപ്പിന്റെ ബോംബെ ഫാഷൻസ്, ചെന്നൈയിലെ ഹോട്ടൽ സവേര എന്നിവിടങ്ങളിൽ ജോലി ചെയ്തു. ശശികുമാറുമായുള്ള ആദ്യ കൂടിക്കാഴ്ചയ്ക്ക് വേദിയായതു ഹോട്ടൽ സവേരയായിരുന്നു.
അന്ന് മാട്രസ് ബിസിനസ് രംഗത്തായിരുന്ന ശശികുമാർ ബിസിനസ് ആവശ്യത്തിനായി ഹോട്ടലിൽ എത്തിയതായിരുന്നു. അവിടെവച്ച് വീണയെ പരിചയപ്പെട്ടു. ഒരു ദിവസം വീണ ശശികുമാറിനോട് ചോദിച്ചു, ‘എടോ തനിക്കെന്നെ വിവാഹം ചെയ്യാൻ സമ്മതമാണോ…’ ചോദ്യംകേട്ട് പതറിയെങ്കിലും ശശികുമാറിന്റെ ഉള്ളിലും വീണയോടു പ്രത്യേകമായ ഒരിഷ്ടം ഉണ്ടായിരുന്നു. 1994ൽ വിവാഹിതരായി. പക്ഷേ, സന്തോഷപൂർണമായ നാളുകൾക്ക് 4 വർഷത്തെ ആയുസ്സേയുണ്ടായിരുന്നുള്ളൂ.
അപ്രതീക്ഷിതമായി എത്തിയ അപകടം ജീവിതത്തെ മാറ്റിമറിച്ചു. വിദേശത്തായിരുന്ന ഇളയ സഹോദരൻ അശോക് ജോലിയുപേക്ഷിച്ച് നാട്ടിൽ തിരിച്ചെത്തി. ശശികുമാറിന്റെ ചികിത്സകൾക്കും മറ്റും താങ്ങായി വീണയ്ക്കൊപ്പം നിന്നതും അശോകായിരുന്നു. മറ്റു സഹോദരങ്ങളായ ജയകുമാറും അനിൽ കുമാറും കൃഷ്ണകുമാറും ഒപ്പമുണ്ടായിരുന്നു.
ദുഃഖം ഇരട്ടിയാക്കി കാൻസർ
ശശികുമാറിന് അപകടം സംഭവിച്ച് രണ്ടുവർഷം കഴിഞ്ഞപ്പോഴാണ് വീണ കാൻസറിന്റെ പിടിയിലാകുന്നത്. ഈ സമയം വീണ ആശുപത്രിയിൽ ഒറ്റയ്ക്കായി. സ്ട്രോക്ക് വന്ന് കിടപ്പിലായിരുന്നു അച്ഛൻ. ശശികുമാറിന്റെ പിതാവും മാതാവും ചികിത്സയിൽ. ‘ആ ദിവസങ്ങളിൽ അപൂർണമായ എന്റെ ശരീരം നോക്കി നെടുവീർപ്പിടും. ശൂന്യമായ ഇടതുമാറിലേക്കുള്ള ഓരോ നോട്ടവും നീറ്റലായിരുന്നു.’ വീണ പറയുന്നു. ഒരു ദിവസം വീണയെ ചികിത്സിക്കുന്ന ഡോക്ടർ അവരോട് പറഞ്ഞു, ‘ശശികുമാറിന്റെ ഇപ്പോഴത്തെ അവസ്ഥയിൽ വീണയ്ക്ക് അമ്മയാവുക സാധ്യമല്ല.
കാൻസറിന്റെ സങ്കീർണതകൾ കൂടാതിരിക്കാൻ അണ്ഡാശയങ്ങൾകൂടി നീക്കം ചെയ്യുന്നതാണ് നല്ലത്. വൈകാതെ ശസ്ത്രക്രിയ നടത്തി. ഒരു വേദനയിൽനിന്ന് അടുത്ത വേദനയിലേക്കുള്ള പലായനമായിരുന്നു അടുപ്പിച്ചുള്ള രണ്ട് ശസ്ത്രക്രിയകളും തുടർന്നുള്ള വേദനയുടെ ദിനങ്ങളും. അന്നു കരുത്തു പകർന്ന് ഒപ്പം നിന്നത് ലീല ഗ്രൂപ്പിന്റെ മാനേജ്മെന്റും സഹപ്രവർത്തകരുമായിരുന്നു. ശശികുമാറിന്റെ രോഗാവസ്ഥയ്ക്കിടയിൽ ജോലി സമയം ക്രമീകരിക്കുന്നതിനും മറ്റും സഹായങ്ങൾ ചെയ്തു തന്നിരുന്നത് ബോംബെ ഫാഷന്റെ അന്നത്തെ ജനറൽ മാനേജർ ആയിരുന്ന സുരേഷ് മേനോൻ ആണ്.
അതിവേഗം മുന്നോട്ട്
ഇതിനിടെ ഊട്ടിയിലെ കോത്തഗിരിയിൽ ഇവർ വീടുവച്ചു. ആദ്യമൊന്നും കാലാവസ്ഥ ശശികുമാറിന് അനുകൂലമായിരുന്നില്ല. ശരീരം തണുപ്പിനോടു കലഹിച്ചുകൊണ്ടിരുന്നു. അതു ശ്വാസം മുട്ടലായി. ആ ദിവസങ്ങളിലൊന്നിൽ പത്രം വായിച്ചുകൊണ്ടിരിക്കുകയായിരുന്ന ശശികുമാർ പെട്ടെന്ന് ബോധരഹിതനായി വീണു. ആശുപത്രിയിലെത്തിച്ചപ്പോഴാണ് വൃക്കയുടെ അടുത്തായി വലുപ്പമുള്ള മുഴ കണ്ടെത്തുന്നത്. ഉടൻ ശസ്ത്രക്രിയ നടത്തി വൃക്ക നീക്കം ചെയ്യേണ്ടി വന്നു.
പിന്നീട് ശശികുമാറിന്റെ സുഹൃത്തായ മുരളി ബാബുവിന്റെ നിർദേശപ്രകാരം വീടിനോടുചേർന്ന് വെഞ്ചർ സ്യൂട്സ് ഹോം എന്ന പേരിൽ ഹോംസ്റ്റേ തുടങ്ങി. ലോകകപ്പ് ആവേശത്തിന്റെ മാറ്റൊലികൾ ശശികുമാറിനെ പഴയ ഓർമകളിലേക്കു കൊണ്ടുപോകുന്നു. ‘ബ്രസീലാണ് ഇഷ്ട ടീം. ഇഷ്ട കളിക്കാരൻ നെയ്മാറും. ശശികുമാറിന്റെ മുറിയിൽനിന്നു ദൂരേക്കു നോക്കിയാൽ നീണ്ടുകിടക്കുന്ന കുന്നിൻചരിവുകളാണ്. ജനാലച്ചില്ലുകളിലൂടെ തുളച്ചുകയറുന്ന വെയിൽനാളം ജീവിതത്തിനും വെളിച്ചമാകുന്നു. ഇനിയും ബഹുദൂരം മുന്നോട്ടുപോകാനുണ്ട്. ആ നാളുകളിലൊന്നിൽ കിടക്കവിട്ടു താൻ വീണ്ടും കളിക്കളത്തിലേക്കെത്തുമെന്ന പ്രതീക്ഷയും.