ഖത്തറിൽ പ്രീ ക്വാര്‍ട്ടർ ഉറപ്പിക്കാൻ മെസിയും സംഘവും ഇന്നിറങ്ങും

ദോഹ: ഖത്തർ ലോകകപ്പിൽ അർജന്റീനയ്ക്ക് ഇന്ന് ജീവന്മരണ പോരാട്ടം. ലെവൻഡോവ്സ്കിയുടെ പോളണ്ടാണ് അർജന്റീനയുടെ എതിരാളികൾ. ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം. ഗ്രൂപ്പ് സിയിൽ നാല് പോയിന്‍റുമായി പോളണ്ടാണ് നിലവില്‍ ഒന്നാമത്. സൗദിക്കൊപ്പം മൂന്ന് പോയിന്റുണ്ടെങ്കിലും ഗോൾ ശരാശരിയിൽ അർജന്‍റീനയാണ് രണ്ടാം സ്ഥാനത്ത്.

ഇന്ന് പോളണ്ടിനെ തകർത്ത് പ്രീ ക്വാര്‍ട്ടർ ഉറപ്പിക്കാനാകും മെസിയുടെയും സംഘത്തിന്റെയും ലക്ഷ്യം. അതേസമയം, സമനില നേടിയാലും പോളണ്ടിന് മുന്നോട്ട് പോകാം. എന്നാൽ, സൗദി, മെക്സിക്കോ മത്സരഫലത്തെ ആശ്രിയിച്ചാവും അർജന്‍റീനയുടെ ഭാവി. തിരിച്ചടികള്‍ നേരിട്ടപ്പോഴൊക്കെ രക്ഷക്കെത്തിയ നായകൻ മെസിയിലാണ് അർജന്‍റീനയുടെ പ്രതീക്ഷ.

മെക്സിക്കോയ്‌ക്കെതിരെ ടീമിൽ മാറ്റം വരുത്തിയ കോച്ച് ലിയോണൽ സ്കലോണി പോളണ്ടിനെതിരെയും ആദ്യ ഇലവനിൽ മാറ്റം വരുത്താൻ സാധ്യതയുണ്ട്. പ്രതിരോധത്തിൽ ഗോൺസാലോ മോണ്ടിയേലിന് പകരം നഹ്വേൽ മൊളീനയും ലിയാൻഡ്രോ പരേഡസിന് പകരം എൻസോ ഫെർണാണ്ടസിന് ആദ്യ ഇലവനില്‍ തന്നെ അവസരം കിട്ടിയേക്കും.

പൗളോ ഡിബാലയ്ക്കും ഇന്ന് അവസരം ലഭിക്കാനുള്ള സാധ്യത ഏറെയാണ്. ലാറ്റാരോ മാര്‍ട്ടിനസ് പകരം ജൂലിയന്‍ അല്‍വാരസിനെ മുന്നേറ്റ നിരയില്‍ കൊണ്ട് വരണമെന്നാണ് ആരാധകരുടെ ആഗ്രഹം. എന്നാൽ, ആദ്യ ഇലവനിൽ മാര്‍ട്ടിനസിനെ ഉൾപ്പെടുത്താനാകും സ്കലോണി ശ്രമിക്കുക.