സർക്കാരിന് തിരിച്ചടി: തുഷാര്‍ വെളളാപ്പളളിയുടെ അറസ്റ്റ് തടഞ്ഞ് തെലങ്കാന ഹൈക്കോടതി

ഹൈദരാബാദ്: തുഷാര്‍ വെളളാപ്പളളിക്ക് തെലങ്കാനയിലെ ഓപ്പറേഷന്‍ താമര കേസില്‍ താല്‍ക്കാലിക ആശ്വാസം. കേസിലെ തുഷാറിന്റെ അറസ്റ്റ് തെലങ്കാന ഹൈക്കോടതി തടഞ്ഞു. കൂടാതെ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി. ഓപ്പറേഷന്‍ താമര കേസ് സിബിഐക്ക് കൈമാറണമെന്ന ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം.

കേസ് സിബിഐക്ക് കൈമാറണമെന്ന തുഷാര്‍ വെളളാപ്പളളിയുടെ ആവശ്യം തെലങ്കാന കോടതി പരിഗണിച്ചില്ല. ആരോഗ്യ കാരണങ്ങളാല്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാധിക്കില്ലെന്ന് തുഷാര്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് അന്വേഷണ സംഘം തുഷാറിന്റെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ജഗ്ഗു സ്വാമിയുടെ മൂന്ന് സഹപ്രവര്‍ത്തകര്‍ സമര്‍പ്പിച്ച ഹര്‍ജി തെലങ്കാന കോടതി വെളളിയാഴ്ച പരിഗണിക്കും.

ഒളിവിലായ ജഗ്ഗു സ്വാമിയെ കണ്ടെത്താന്‍ സഹായിച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്ന് അന്വേഷണ സംഘം ഭീഷണിപ്പെടുത്തിയെന്നാണ് സഹപ്രവര്‍ത്തകരുടെ ഹര്‍ജിയില്‍ പറയുന്നത്. തെലങ്കാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തുഷാര്‍ വെളളാപ്പളളിയും ജഗ്ഗു സ്വാമിയും ഇടനിലക്കാരായി പ്രവര്‍ത്തിച്ചെന്ന കേസാണ് ഇവര്‍ക്കതിരെയുളളത്. സംഭവത്തില്‍ തുഷാര്‍ വെളളാപ്പളളിയും ജഗ്ഗു സ്വാമിയും ഒളിവിലാണ്.