ചെന്നൈ: കോടിക്കണക്കിന് രൂപയുടെ കൊക്കെയ്ന്‍ കടത്താന്‍ ശ്രമിച്ച ഡിഎംകെ കൗണ്‍സിലറെയും സഹോദരനെയും തമിഴ്നാട് കോസ്റ്റല്‍ പോലീസ് അറസ്റ്റ് ചെയ്തു. മത്സ്യബന്ധന ബോട്ടില്‍ കോടികള്‍ വിലമതിക്കുന്ന കൊക്കെയ്ന്‍ ശ്രീലങ്കയിലേക്ക് അയക്കാനുള്ള ശ്രമത്തിലായിരുന്നു പ്രതികള്‍.
രാമേശ്വരം കീഴക്കരൈ മുനിസിപ്പാലിറ്റിയിലെ ഡിഎംകെ കൗണ്‍സിലര്‍ സര്‍ബരാജ് നവാസ് (42), ഡിഎംകെ മുന്‍ കൗണ്‍സിലര്‍ ജൈനുദ്ദീന്‍ (45) എന്നിവരാണ് അറസ്റ്റിലായത്. രാമനാഥപുരം ജില്ലയിലെ മണ്ഡപം-വേദളായിക്കടുത്ത് കടല്‍മാര്‍ഗം മയക്കുമരുന്ന് കടത്തുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് കോസ്റ്റല്‍ പോലീസ് പ്രത്യേക തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടയില്‍ അതിവേഗതയില്‍ എത്തിയ ആഡംബര കാര്‍ പോലീസ് തടഞ്ഞുനിര്‍ത്തി. പരിശോധനയില്‍ കാറില്‍ നിന്ന് 360 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ന്‍ പോലീസ് കണ്ടെടുത്തു.
അസംസ്കൃത കൊക്കെയ്ന്‍ സൂക്ഷിച്ചിരുന്ന 30 കണ്ടെയ്നറുകള്‍ പോലീസ് കണ്ടെത്തി. കാറിലുണ്ടായിരുന്ന ഡിഎംകെ നേതാക്കളായ സര്‍ബരാജ്, സൈനുദ്ദീന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍, രാമേശ്വരം സ്വദേശി കൂടിയായ സാദിഖ് അലി (36) തന്റെ ബോട്ടില്‍ ശ്രീലങ്കയിലേക്ക് കൊക്കെയ്ന്‍ കടത്താനിരുന്നതായി കണ്ടെത്തി.
അറസ്റ്റിലായ ഡിഎംകെ കോര്‍പ്പറേറ്റര്‍ സര്ബരാജും സഹോദരന് സൈനുദ്ദീനും കാര്‍ഗോ ലോജിസ്റ്റിക്സ് കമ്പനിയുടെ ഉടമയാണ്.