ഇന്ന് പേയ്മെന്റുകൾ നടത്താൻ ഭൂരിഭാഗം ആൾക്കാരും ആശ്രയിക്കുന്നത് യുപിഐ മുഖാന്തരമുള്ള ഇടപാടുകളാണ്. ക്യുആർ കോഡ് സ്കാൻ ചെയ്യാനും, തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാനും യുപിഐ സേവനങ്ങളിലൂടെ സാധിക്കും. സുരക്ഷിത പേയ്മെന്റ് സംവിധാനമെന്ന് യുപിഐയെ വിശേഷിപ്പിക്കാൻ സാധിക്കുമെങ്കിലും പലപ്പോഴും നിരവധി തരത്തിലുള്ള അബദ്ധങ്ങൾ സംഭവിക്കാറുണ്ട്. അത്തരത്തിൽ തെറ്റായ യുപിഐ ഐഡി നൽകുകയും മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് തെറ്റായി പണം അയക്കുകയും ചെയ്യാറുണ്ട്. എന്നാൽ, ഇത്തരത്തിലുള്ള പിഴവുകൾ സംഭവിച്ചാൽ പരിഭ്രാന്തരാകേണ്ട എന്നാണ് ആർബിഐ അറിയിച്ചിരിക്കുന്നത്.
യുപിഐ ഇടപാടുകളിലൂടെ തെറ്റായ അക്കൗണ്ടിലേക്ക് പണം അയച്ചു കഴിഞ്ഞാൽ ഉടൻ തന്നെ ഉപഭോക്താവ് ഏത് പേയ്മെന്റ് സംവിധാനമാണോ ഉപയോഗിച്ചത് അതിൽ പരാതി നൽകാനാണ് ആർബിഐ നിർദ്ദേശിച്ചിരിക്കുന്നത്. യുപിഐ സേവനങ്ങൾ ലഭ്യമാക്കുന്ന ഗൂഗിൾപേ, ഫോൺപേ, പേടിഎം തുടങ്ങിയ ആപ്ലിക്കേഷനുകളിൽ റീഫണ്ടിനായി ഉപഭോക്താവിന് അപേക്ഷ നൽകാൻ സാധിക്കും.
ഡിജിറ്റൽ പേയ്മെന്റ് ആപ്ലിക്കേഷനുകൾക്ക് ഉപഭോക്താവിന്റെ പരാതി പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ, ആർബിഐയുടെ കീഴിലുള്ള ഓംബുഡ്സ്മാനെ സമീപിക്കാവുന്നതാണ്. പണം അക്കൗണ്ടിലേക്ക് വീണ്ടെടുക്കുന്നതിനായി ഓംബുഡ്സ്മാന് പരാതി സമർപ്പിക്കാം. ഉപഭോക്തൃ പരാതികൾ പരിഹരിക്കാൻ ആർബിഐ നിയമിച്ചിട്ടുള്ള മുതിർന്ന ഉദ്യോഗസ്ഥനാണ് ഓംബുഡ്സ്മാൻ.