സാൻഫ്രാൻസിസ്കോ: ഇന്ത്യ തൻ്റെ ഭാഗമാണെന്നും എവിടെ പോയാലും ഇന്ത്യ തന്നോടൊപ്പം കാണുമെന്നും ഗൂഗിൾ ആൻഡ് ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ. യുഎസിലെ ഇന്ത്യൻ പ്രതിനിധിയിൽ നിന്നും പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങുന്ന വേളയിലാണ് സുന്ദർ പിച്ചൈ ഇക്കാര്യം വ്യക്തമാക്കിയത്. 2022 ലെ ട്രേഡ് ആൻഡ് ഇൻഡസ്ട്രി വിഭാഗത്തിലാണ് ഗൂഗിൾ സിഇഒയ്ക്ക് പത്മഭൂഷൺ ലഭിച്ചത്. രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയാണ് പത്മഭൂഷൺ.
‘ഇന്ത്യ എൻ്റെ ഭാഗമാണ്. ഞാൻ എവിടെ പോയാലും ഞാൻ ഇന്ത്യയെ എന്നോടൊപ്പം കൊണ്ടുപോകുന്നു. ഈ മഹത്തായ ബഹുമതിക്ക് ഞാൻ ഇന്ത്യൻ സർക്കാരിനോടും ഇന്ത്യയിലെ ജനങ്ങളോടും അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. എന്നെ രൂപപ്പെടുത്തിയ രാജ്യം ഈ രീതിയിൽ ആദരിക്കുന്നത് എന്നെ സംബന്ധിച്ച് അവിശ്വസനീയമാണ്. പക്ഷേ അർത്ഥവത്തുമാണ്,’ വെള്ളിയാഴ്ച സാൻഫ്രാൻസിസ്കോയിൽ യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സിംഗ് സന്ധുവിൽ നിന്ന് അവാർഡ് സ്വീകരിച്ചുകൊണ്ട് സുന്ദർ പിച്ചൈ വ്യക്തമാക്കി.
ഈ മനോഹരമായ അവാർഡ് മറ്റ് അവാർഡുകളിൽ നിന്നും വ്യത്യസ്തമാണെന്നും അതുകൊണ്ടുതന്നെ ഇത് താൻ സുരക്ഷിതമായി സൂക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. തൻ്റെ താൽപ്പര്യങ്ങൾക്കായി ഒരുപാട് ത്യാഗം ചെയ്ത മാതാപിതാക്കളോടൊപ്പം പഠനവും അറിവും വിലമതിക്കുന്ന ഒരു കുടുംബത്തിൽ വളരാൻ കഴിഞ്ഞതിൽ താൻ ഭാഗ്യവാനാണെന്നും സുന്ദർ പിച്ചൈ പറഞ്ഞു.