ദോഹ: ലോകകപ്പ് രണ്ടാം സെമിഫൈനലിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ജയിച്ച് ഫ്രാൻസ് തുടർച്ചയായ രണ്ടാം തവണയും ലോകകപ്പ് ഫൈനലിൽ കടന്നു. അഞ്ചാം മിനിട്ടിൽ തിയോ ഹെർണാണ്ടസും 79-ാം മിനിട്ടിൽ കോലോ മൂവാനിയുമാണ് ഫ്രാൻസിന് വേണ്ടി ഗോളുകൾ നേടിയത്. മൊറോക്കൻ പ്രതിരോധം പിളർത്തിയാണ് ഫ്രാൻസ് അഞ്ചാം മിനിട്ടിൽ ആദ്യ ഗോൾ നേടിയത്. മത്സരത്തിന്റെ തുടക്കം മുതൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരു ടീമുകളും കാഴ്ചവെച്ചത്.
തിയോ ഹെർണാണ്ടസാണ് ഫ്രാൻസിനുവേണ്ടി ലക്ഷ്യം കണ്ടത്. ഈ ലോകകപ്പിൽ മൊറോക്കോയുടെ ഗോൾവല കുലുക്കുന്ന ആദ്യ എതിർ ടീം കളിക്കാരനാണ് തിയോ ഹെർണാണ്ടസ്.17-ാം മിനിട്ടിൽ ഒലിവർ ജിറൂഡിന്റെ തകർപ്പൻ ഷോട്ട് മൊറോക്കോയുടെ ഗോൾപോസ്റ്റിൽ ഇടിച്ചുതെറിച്ചപ്പോൾ ഫ്രഞ്ച് ആരാധകർ സ്തംബ്ധരായിരുന്നു. എംബാപ്പെയും ജിറൂഡും ഒന്നിച്ച് സുവർണാവസരങ്ങൾ പാഴാക്കുന്നതിനും അൽ ബയ്ത്ത് സ്റ്റേഡിയം സാക്ഷിയായി.
പന്തടക്കത്തിൽ ആദ്യ മിനിട്ടുകളിൽ മൊറോക്കോ മുന്നിലെത്തിയിരുന്നു. ഒന്നാം പകുതിയുടെ അവസാന നിമിഷങ്ങളിൽ തുടർ ആക്രമണങ്ങളുമായി മൊറോക്കോ ഫ്രഞ്ച് ഗോൾമുഖത്ത് ഭീതി വിതച്ചു.രണ്ടാം പകുതിയിലും മൊറോക്കോ നിരന്തരം ഇരമ്പിയാർത്തിയതോടെ ഫ്രഞ്ച് പ്രതിരോധം ശരിക്കും വിയർത്തു. അവസാന നിമിഷങ്ങളിൽ തുടരെത്തുടരെ ഫ്രാൻസ് ഗോൾമുഖത്തേക്ക് ഇരമ്പിയെത്തിയെങ്കിലും മൊറോക്കോയ്ക്ക് ലക്ഷ്യം കാണാനായില്ല.ചരിത്രത്തിൽ ആദ്യമായി ലോകകപ്പ് സെമിയിലെത്തിയ ആഫ്രിക്കൻ സംഘമെന്ന പെരുമയോടെ മൊറോക്കോയ്ക്ക് തലയുയർത്തി നാട്ടിലേക്ക് മടങ്ങാം.