മുംബൈ : ഫിഫ ലോകകപ്പ് ഫൈനൽ മത്സരം കാണാൻ വീടിനു പുറത്തു മുംബൈയിലെ ഒരു ക്ലബിൽ പോയ കുടുംബത്തിലെ മൂന്ന് വയസുകാരൻ അഞ്ചാം നിലയിൽ നിന്നും വീണു മരിച്ചു.ഞായറാഴ്ച വൈകുന്നേരം അർജൻ്റീന – ഫ്രാൻസ് ഫൈനൽ മത്സരം കാണാൻ എത്തിയ കുടുംബത്തിലെ മൂന്ന് വയസുകാരനായ ഹ്രുദ്യാൻഷു അവ്നിഷ് റാത്തോഡിനാണ് കോണിപ്പടിക്ക് ഇടയിലൂടെ താഴേക്ക് വീണ് ദാരുണമായി മരണം സംഭവിച്ചത്.
ശുചിമുറിയിൽ പോയി മടങ്ങിവരുന്നതിനിടെ കുട്ടി കോണിപ്പടിക്ക് ഇടയിലൂടെ താഴേക്ക് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.അപകടം ഉണ്ടാകുമ്പോൾ കുട്ടിയുടെ മാതാപിതാക്കൾ ക്ലബ്ബിന്റെ ആറാം നിലയിലെ ടെറസിൽ ഫൈനൽ മത്സരം കാണുകയായിരുന്നു.മരിച്ച കുട്ടിക്കൊപ്പം ഉണ്ടായിരുന്ന 11 വയസുകാരനായ മറ്റൊരു കുട്ടിയാണ് അപകട വിവരം മുംബൈ കുടുംബാംഗങ്ങളെ അറിയിച്ചത്.
താഴത്തെ നിലയിലെ ഒരു സെക്യൂരിറ്റി ജീവനക്കാരനാണ് കുട്ടിയെ ആദ്യം കണ്ടെത്തിയത്.കുട്ടിയുടെ നെറ്റിയിലും തലയുടെ പിൻഭാഗത്തും ഗുരുതരമായി പരിക്കേറ്റതായും പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകിയതായും പോലീസ് പറഞ്ഞു.അപകട മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും കുട്ടിയുടെ മരണത്തിൽ വിശദമായ അന്വേഷണം തുടരുമെന്ന് പോലീസ് അറിയിച്ചു.