കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു.പുതു വർഷത്തിൽ വിദേശ രാജ്യ സന്ദർശനം ഒഴിവാക്കുക

ന്യൂഡൽഹി : ഇന്ത്യ കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമാക്കുകയാണ്.പുതുവത്സരം പിറക്കാന്‍ വെറും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ആളുകള്‍ നവവര്‍ഷത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ്. വിദേശയാത്രകള്‍ പ്ലാന്‍ ചെയ്യുമ്പോള്‍ കൊറോണ സാഹചര്യം കണക്കിലെടുത്ത് കോവിഡ് വ്യാപിക്കുന്ന രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം എന്നാണ് അധികൃതര്‍ നിര്‍ദ്ദേശിക്കുന്നത്.

ചൈന, ജപ്പാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. ചൈനയിൽ നിന്നുള്ള വിമാനങ്ങൾ നിരോധിക്കണമെന്ന് കഴിഞ്ഞയാഴ്ച കോൺഗ്രസ് നേതാവും എംപിയുമായ മനീഷ് തിവാരി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.കോവിഡ് വ്യാപനം സംബന്ധിച്ച ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് അമേരിക്ക, ജപ്പാൻ, കൊറിയ, ചൈന, ബ്രസീൽ, സിംഗപ്പൂർ, ജർമ്മനി, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളില്‍ കൊറോണയുടെ വ്യാപനം അതി തീവ്രമാണ്.ഈ രാജ്യങ്ങളിലേയ്ക്കുള്ള യാത്ര ഒഴിവാക്കുകയാണ് ഉചിതം.

പകര്‍ച്ചവ്യാധിയുടെ പൊട്ടിത്തെറിയുടെ വക്കില്‍ നില്‍ക്കുകയാണ് ജപ്പാന്‍. ശനിയാഴ്ച രേഖപ്പെടുത്തിയ കണക്കുകള്‍ അനുസരിച്ച് 371 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിയ്ക്കുന്നത്. വളരെ വേഗത്തില്‍ പകരുന്ന പകർച്ചവ്യാധിയായ Omicron സബ് വേരിയന്‍റ് XBB വടക്കുകിഴക്കൻ അമേരിക്കയില്‍ വ്യാപകമായിരിയ്ക്കുകയാണ്. ഇതോടെ അമേരിക്കയിലെ കോവിഡ് വ്യാപനം 50% ത്തിലധികം വർദ്ധിച്ചു. വിദേശത്ത് നിന്നുള്ള 67 പേർ ഉൾപ്പെടെ 25,545 പുതിയ കൊറോണ വൈറസ് കേസുകളാണ് ദക്ഷിണ കൊറിയയിൽ ഇതിനോടകം സ്ഥിരീകരിച്ചത്.

ഒമിക്രോണ്‍ BF.7 അപ്പ്‌ വകഭേദം ചൈനയില്‍ നാശം വിതയ്ക്കുകയാണ്. ഇതുവരെ രാജ്യത്ത് 37 ലക്ഷത്തിലധികം ആളുകള്‍ വൈറസ് ബാധിതരാണ്. ബ്രസീലിൽ കഴിഞ്ഞ ഒരു മാസത്തിനിടെ 9,45,568 കേസുകളും 3,125 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോൺ കഴിഞ്ഞ മാസം കോവിഡ് മഹാമാരി വീണ്ടും ഭീതി പടര്‍ത്തുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികൾക്ക് ആഹ്വാനം ചെയ്തിരുന്നു. ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരിൽ ഏകദേശം 10 ശതമാനത്തിന്‍റെ വര്‍ദ്ധനയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരില്‍ 22% ത്തിന്‍റെ വര്‍ദ്ധനയും 400 കോവിഡ് മരണങ്ങളും കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ബോൺ പറഞ്ഞു.

ജർമ്മനിയിൽ 40,000-ത്തിലധികം കേസുകൾ രേഖപ്പെടുത്തി. ചൈന സിഡിസി റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് കഴിഞ്ഞ മൂന്ന് മാസത്തിനിടെ 130 ഒമിക്രോണ്‍ ഉപവിഭാഗങ്ങളെ കണ്ടെത്തിയിട്ടുണ്ട്.സിംഗപ്പൂർ: ചൈന സിഡിസി റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് കഴിഞ്ഞ മൂന്ന് മാസത്തിനിടെ 130 ഒമിക്രോണ്‍ ഉപവിഭാഗങ്ങളെ കണ്ടെത്തിയിട്ടുണ്ട്. അതിവേഗം പകരുന്നതിനാല്‍ സിംഗപ്പൂർ യാത്ര ഒഴിവാക്കുന്നതാണ് ബുദ്ധി.

ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോംഗ്, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്ന് എത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് കോവിഡ്-19 കണ്ടെത്തുന്നതിനുള്ള ആർടി-പിസിആർ ടെസ്റ്റ് നിർബന്ധമാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു. ഈ രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് തങ്ങളുടെ ആരോഗ്യ സ്ഥിതി വ്യക്തമാക്കാന്‍ ‘എയർ സുവിധ’ ഫോം പൂരിപ്പിക്കുന്നത് നിർബന്ധമാക്കുമെന്നും കൊറോണ വൈറസിന് രോഗലക്ഷണമോ പോസിറ്റീവ് ആയോ കണ്ടെത്തിയാൽ ക്വാറന്റൈൻ ചെയ്യപ്പെടുമെന്നും മാണ്ഡവ്യ പറഞ്ഞു.

COVID-19 പാൻഡെമിക് സാഹചര്യം കണക്കിലെടുത്ത്, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർ ഇന്ത്യയിലേക്കുള്ള യാത്രയ്ക്കായി അവരുടെ RT-PCR റിപ്പോർട്ടുകൾ മുൻകൂട്ടി അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. ഇന്ത്യയിൽ ഇറങ്ങിയതിന് ശേഷം അവർ തെർമൽ സ്‌ക്രീനിംഗിന് വിധേയരാവും, പോസിറ്റീവ് ആവുന്ന സാഹചര്യത്തിലും അല്ലെങ്കിൽ പനി ഉണ്ടെന്ന് കണ്ടെത്തിയാലും അവരെ ക്വാറന്റൈൻ ചെയ്യാൻ ഉത്തരവിട്ടിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.