ജനുവരി അവസാനത്തോടെ ഇന്ത്യയിൽ കോവിഡ് കേസുകൾ ഉയരും,കേന്ദ്ര സർക്കാർ

ന്യൂഡൽഹി : മുൻപുണ്ടായ കൊവിഡ് തരംഗങ്ങളുടെ ട്രെൻഡ് പരിഗണിച്ച്‌ ജനുവരി പകുതിയോടെ രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. അടുത്ത 40 ദിവസങ്ങൾ നിർണായകമാണെന്നും കേസുകൾ ഉയരാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കുള്ളിൽ വിദേശത്ത് നിന്ന് രാജ്യത്ത് എത്തിയ 6000 യാത്രക്കാരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. ഇതിൽ 39 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ 1,35000 കൊവിഡ് പരിശോധനകൾ നടത്തിയതിൽ 158 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.ചൈന, ജപ്പാൻ, സൗത്ത് കൊറിയ, ഹോങ് ഹോംഗ്, തായ്‌ലാൻഡ്, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ എത്തുന്നവർ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കേറ്റ് നിർബന്ധമാക്കിയേക്കും.

കൊവിഡ് പരിശോധനാ സൗകര്യങ്ങളും സ്ഥിതിഗതികളും വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മൺസൂഖ് മാണ്ഡവ്യ വ്യാഴാഴ്ച ഡൽഹി അന്താരാഷ്ട്ര വിമാനത്താവളം സന്ദർശിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആരോഗ്യമന്ത്രി മൺസുഖ് മാണ്ഡവിയയും കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ട്.ചൈനയിൽ പടർന്നു പിടിക്കുന്ന ഒമിക്രോൺ ഉപവകഭേദമായ ബിഎഫ് 7 ഇന്ത്യയിലും സ്ഥിരീകരിച്ചിട്ടുണ്ട്.നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യങ്ങളില്ലെന്നും പ്രതിരോധ നടപടികൾ ശക്തമാക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.

കൊവിഡ് മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ സ്‌കൂൾ കലോത്സവത്തിൽ മാസ്‌കും സാനിറ്റൈസറും നിർബന്ധമാക്കിയിട്ടുണ്ട്.അടുത്ത 40 ദിവസം നിർണായകമാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു .