ബിരിയാണിയില്‍ കോഴിമുട്ടയും പപ്പടവും ഇല്ല; ഹോട്ടല്‍ ഉടമയെയും ഭാര്യയെയും ക്രൂരമായി മര്‍ദ്ദിച്ചു

തൃശൂര്‍: ബിരിയാണിയില്‍ കോഴിമുട്ടയും പപ്പടവും നല്‍കിയില്ലെന്ന് ആരോപിച്ച് ഹോട്ടല്‍ ഉടമകളായ ദമ്പതികളെ ക്രൂരമായി മര്‍ദ്ദിച്ചു. തൃശൂര്‍ ചൂണ്ടലിലാണ് സംഭവം. കറി ആന്‍ഡ് കോ എന്ന പേരില്‍ ഹോട്ടല്‍ നടത്തിയിരുന്ന തിരുവനന്തപുരം സ്വദേശിയായ സുധി ( 42), ഭാര്യ ദിവ്യ ( 40 ) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവര്‍ നിലവില്‍ കേച്ചേരി തൂവാനൂരിലാണ് താമസിക്കുന്നത്.കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. ഓര്‍ഡര്‍ ചെയ്കത ബിരിയാണിയില്‍ വിഭവങ്ങള്‍ കുറവാണെന്നും കൈകഴുകുന്ന സ്ഥലത്ത് വൃത്തിയില്ലെന്നും പറഞ്ഞുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഹോട്ടല്‍ ഉടമയായ സുധിക്ക് ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്ക് അടിയേറ്റു. സുധിയെ ഇപ്പോള്‍ കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ, പുതുശേരി സ്വദേശിയായ യുവാവ് ദമ്പതികളുടെ ഹോട്ടലില്‍ എത്തി ബിരിയാണി ഓര്‍ഡര്‍ ചെയ്തതോടെയാണ് സംഭവളുടെ തുടക്കം. ബിരിയാണിയില്‍ മുട്ടയും പപ്പടവും ഇല്ലായിരുന്നു. ഇത് വേണമെന്ന് യുവാവ് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ദിവ്യ അത് നല്‍കുകയും ചെയ്തു.എന്നാല്‍ പ്രശ്‌നം ഇതുകൊണ്ടൊന്നും തീര്‍ന്നില്ല, കൈകഴുകുന്ന സ്ഥലം വൃത്തിയില്ലെന്ന് ആരോപിച്ച് ഇയാള്‍ യുവതിയുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. യുവതിയുടെ മുഖത്ത് ഇയാള്‍ അടിച്ചെന്നും വിവരമുണ്ട്. ഇത് ചോദ്യം ചെയ്തതോടെ ആക്രമി രക്ഷപ്പെട്ടു. ഇയാളെ പിന്തുടരുന്നതിനിടെയാണ് സുധിക്ക് തലയ്ക്ക് അടിയേറ്റത്.സമീപത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്ത് നിന്ന് ലഭിച്ച പൈപ്പ് കൊണ്ട് തലയ്ക്കടിച്ച് ആക്രമിക്കുകയായിരുന്നു എന്നാണ് ദമ്പതികള്‍ ആരോപിക്കുന്നത്. ആക്രമണത്തില്‍ സുധിക്ക് കാര്യമായി പരിക്കേറ്റിട്ടുണ്ട്. പുതുശേരി സ്വദേശിയാണ് ആക്രമണത്തിന് പിന്നിലെന്ന് ചൂണ്ടിക്കാണിച്ച് ദമ്പതികള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.കുന്നംകുളം പൊലീസ് ദമ്പതികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ദമ്പതികള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.