ന്യൂഡൽഹി : ലോകസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ബജറ്റ് സമ്മേളനത്തിന് മുന്നേ മോദി സര്‍ക്കാരിന്റെ മന്ത്രിസഭാ വിപുലീകരണവും പുനഃസംഘടനയും ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. ബിജെപി ദേശീയ അധ്യക്ഷന്‍ നദ്ദയുടെ കാലാവധി ജനുവരി 20ന് അവസാനിക്കാനിരിക്കെ സംഘടനയെ നവീകരിക്കുന്നതുമായി ബന്ധപ്പെട്ട പല മാറ്റങ്ങള്‍ക്കും സാധ്യതയുണ്ട്.
പാര്‍ട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗം ജനുവരിയില്‍ ചേരുമെന്നാണ്റിപ്പോർട്ട് .മധ്യപ്രദേശ്, രാജസ്ഥാന്, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് പുതിയ മന്ത്രിസഭയില്‍ ഇടം ലഭിച്ചേക്കാനാണ് സാധ്യത.ചില മന്ത്രിമാരെ അവരുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ നീക്കം ചെയ്തേക്കാമെന്നും റിപ്പോർട്ടുണ്ട്. കേന്ദ്ര മന്ത്രിസഭയിലെ അവസാന പുനഃസംഘടന 2021 ജൂലൈ 7 നാണ് നടന്നത്. അന്ന് 12 മന്ത്രിമാരെ ഒഴിവാക്കിയിരുന്നു.
2023ല്‍ ഒമ്പത് സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. ത്രിപുര, മിസോറാം, മേഘാലയ, നാഗാലാന്‍ഡ്, കര്‍ണാടക, തെലങ്കാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളിലാണ് അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്നത്. 2024 ല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഈ തിരഞ്ഞെടുപ്പുകള്‍ക്ക് പ്രാധാന്യം കൂടുതലാണ്.