തിരുവനന്തപുരം: ഇന്ന് വൈകിട്ട് തിരുവനന്തപുരത്തെത്തുന്ന ഗവർണർ സജി ചെറിയാന്റെ മന്ത്രിസ്ഥാനത്തെ കുറിച്ച് സ്റ്റാന്റിംഗ് കൗൺസിലിനോട് നിയമോപദേശം തേടി.സജി ചെറിയാന്‍ വീണ്ടും മന്ത്രിസ്ഥാനത്തേക്ക് എത്തുന്നതിൽ തടസമില്ലെന്നും സത്യപ്രതിജ്ഞ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ശുപാർശ തള്ളാനാകില്ലെന്നും നിയമോപദേശം ലഭിച്ചു.
സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് സജി ചെറിയാനെ വീണ്ടും മന്ത്രിസ്ഥാനത്തിരുത്താൻ തീരുമാനിച്ചത്.മല്ലപ്പള്ളിയിലെ സി പി എം വേദിയിൽ നടത്തിയ ഭരണഘടന വിരുദ്ധ പരാമർശത്തെ തുടർന്നാണ് സജി ചെറിയാൻ രാജിവച്ചത്. സജി ചെറിയാന്റെ പ്രസംഗം ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കൊച്ചി സ്വദേശിയായ അഭിഭാഷകൻ ബൈജു നോയൽ തിരുവല്ല ഫസറ്റ് ക്ലാസ് ജുഡീഷ്യൽ കോടതിയിൽ പരാതി നൽകി. ഇതോടെ സജി ചെറിയാനെതിരെ കേസെടുക്കാൻ കോടതി പൊലീസിനോട് നിർദ്ദേശിക്കുകയായിരുന്നു.
ജനങ്ങളെ കൊള്ളയടിക്കാന്‍ സഹായിക്കുന്നുയെന്നും ബ്രിട്ടീഷുകാര്‍ പറഞ്ഞുകൊടുത്തത് അതുപോലെ എഴുതിയെന്നുമുള്ള ഗുരുതര പദപ്രയോഗങ്ങളാണ് ഭരണഘടനയ്‌ക്കെതിരെ സജി ചെറിയാന്‍ നടത്തിയത്.താൻ ഭരണഘടനയെ വിമർശിച്ചിട്ടില്ലെന്നും ഭരണകൂടത്തെയാണ് വിമർശിച്ചതെന്നുമായിരുന്നു സജി ചെറിയാന്റെ വിശദീകരണം.
ഭരണഘടനാപരമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ മന്ത്രിയ്ക്ക് ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം പ്രതിഷേധവുമായി അന്ന് രംഗത്തെത്തിയിരുന്നു. സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനും ധാർമികമായി ശരിയല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.