സ്കൂട്ടറിൽ യാത്ര ചെയ്ത യുവതിയും സുഹൃത്തും മദ്യപിച്ചിരുന്നു.കാറിനടിയിൽപ്പെട്ട യുവതിയെ ഡ്രൈവർ കണ്ടിരുന്നു

ന്യൂഡൽഹി: പുതുവത്സര ആഘോഷങ്ങൾക്കായി കഞ്ചാവാലയിലെ ഹോട്ടലിലെത്തിയ യുവതിയും സുഹൃത്തും അവിടെവെച്ച് മദ്യപിച്ചു വഴിക്കിട്ടതായും തുടർന്ന് സ്കൂട്ടറിൽ പുറത്തേക്ക് പോയതായും അന്വേഷണ സംഘം കണ്ടെത്തി. അപകടം നടക്കുന്ന സമയത്ത് യുവതിക്കൊപ്പം സുഹൃത്ത് നിധി ഒപ്പമുണ്ടായിരുന്നു. കാർ ഓടിച്ചിരുന്നയാളുടെ പിഴവ് മൂലമാണ് അപകടം ഉണ്ടായത്.

കാർ സ്കൂട്ടറിൽ ഇടിച്ചതോടെ താൻ ഒരു വശത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. അഞ്ജലി വാഹനത്തിന് മുന്നിലേക്കും താൻ മറുവശത്തേക്കുമാണ് വീണത്. ഇടിയുടെ ആഘാതത്തിൽ യുവതിയുടെ കാൽ കാറിനടിയിൽ കുടുങ്ങുകയായിരുന്നു. കാറിനടയിൽ കുടുങ്ങിയ അഞ്‌ജലി നിലവിളിച്ചെങ്കിലും കാർ ഡ്രൈവ് ചെയ്തിരുന്നയാൾ അവഗണിച്ചു.അവൾ ഉച്ചത്തിൽ കരഞ്ഞിട്ടും കാറിലുണ്ടായിരുന്നവർ അതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ട് പോയി. ഭയം മൂലമാണ് ഈ വിവരം ആദ്യം പുറത്തുപറയാതിരുന്നത്. അപകടം കണ്ട് ഭയന്നാണ് വീട്ടിലേക്ക് പോയത്. കേസിൽ പ്രതിയാകുമെന്ന ഭയമുണ്ടായിരുന്നുവെന്നും സുഹൃത്ത് നിധി വ്യക്തമാക്കി.

കാറിനടിയിൽ കുടുങ്ങി ഡൽഹി സ്വദേശിനി അഞ്‌ജലി ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ യുവതി ലൈംഗികാതിക്രമത്തിന് ഇരയായിട്ടില്ലെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തല, നട്ടെല്ല്, തുടയെല്ല്, കാലുകൾ എന്നിവടങ്ങളിലുണ്ടായ പരിക്കുകളിൽ നിന്നുണ്ടായ രക്തസ്രാവമാണ് യുവതിയുടെ മരണത്തിന് കാരണമായതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അമിതവേഗതയിൽ വന്ന കാർ 12 കിലോമീറ്റർ ദൂരമാണ് യുവതിയെ വലിച്ചിഴച്ചത്. ഞായറാഴ്‌ച രാവിലെയാണ് കാഞ്ചവാല മേഖലയിൽ നിന്നും നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

ദീപക് ഖന്ന, അമിത് ഖന്ന, കൃഷൻ, മിത്തു, മനോജ് മിത്തൽ എന്നിവരെയാണ് ഇരുപതുകാരിയുടെ മരണത്തെ തുടർന്ന് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ അഞ്ച് പ്രതികൾക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ, അശ്രദ്ധമായി വാഹനമോടിക്കല്‍, അശ്രദ്ധ മൂലം മരണത്തിനിടയാക്കല്‍ തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. ഇവരെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുക്കും.