വാഷിംഗ്ടൺ : ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ റീട്ടൈലറായ ആമസോണിൽ കൂട്ട പിരിച്ചുവിടൽ നടക്കുന്നു. 18,000-ത്തിലധികം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നതായി സിഇഒ ആൻഡി ജാസി ഔദ്യോഗികമായി പ്രഖ്യാപിച്ചു. കമ്പനി അനിശ്ചിതത്വവും പ്രയാസകരവുമായ സമ്പദ്വ്യവസ്ഥയിൽ തുടരുന്നതിനാൽ 2023 ൽ കൂടുതൽ തൊഴിലാളികളെ പിരിച്ചുവിടുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു.
നേരത്തെ തീരുമാനിച്ചിരുന്നതിനേക്കാൾ, 70 ശതമാനം കൂടുതൽ തൊഴിലവസരങ്ങളാണ് വെട്ടിക്കുറയ്ക്കുന്നത്. കമ്പനിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ട പിരിച്ചുവിടൽ ആയിരിക്കും ആമസോണിൽ നടക്കുകയെന്നാണ് റിപ്പോർട്ടുകൾ. കോവിഡിന് പിന്നാലെ സാധനങ്ങളുടെ ഡിമാൻഡിലുണ്ടായ ഇടിവാണ് പിരിച്ചുവിടലിന് കാരണമെന്നാണ് സൂചന.
2021ൽ 1.88ലക്ഷം കോടി ഡോളർ ആസ്ഥിയുണ്ടായിരുന്ന ആമസോണിന് കഴിഞ്ഞ കുറച്ച് നാളുകളായി അത് ഏകദേശം 87,900 കോടി ഡോളറായി കുറഞ്ഞിരുന്നു.കഴിഞ്ഞ വർഷങ്ങളിൽ ആമസോണിന് 81 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ഇത്രയും വലിയ തുകയുടെ നഷ്ടമുണ്ടാകുന്ന ആദ്യ മൾട്ടിനാഷണൽ കമ്പനിയാണ് ആമസോൺ.
ആമസോൺ സ്റ്റോറുകളിലും എക്സ്പീരിയൻസ് ,ടെക്നോളജി ടീമിലുമായിരിക്കും ഭൂരിഭാഗം പിരിച്ചുവിടലും നടക്കുക. പിരിച്ചു വിടുന്ന ജീവനക്കാർക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും സെപ്പറേഷൻ പേയ്മെന്റ് ,ഹെൽത്ത് ഇൻഷുറൻസ്, ജോബ് പ്ലേസ്മെൻറ് എന്നിവ അടങ്ങുന്ന പാക്കേജ് നൽകുമെന്നും ആമസോൺ ചീഫ് എക്സിക്യൂട്ടീവ് ആന്റി ജാസി പറഞ്ഞു.