പരീക്ഷയെഴുതാൻ അനുവദിക്കാത്തതിൽ മനം നൊന്ത വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: ചെന്നൈ എസ്ആർഎം കോളജിലെ റെസ്പിറേറ്ററി തെറാപ്പി ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്ന കോഴിക്കോട് നടക്കാവ് സ്വദേശി മുഹമ്മദ് ആനിഖ് പരീക്ഷ എഴുതാൻ അനുവദിക്കാത്തതിൽ മനംനൊന്ത് ജീവനൊടുക്കി. നാളെ ഒന്നാം സെമസ്റ്റർ പരീക്ഷ തുടങ്ങാനിരിക്കെയാണ് സംഭവം. ഹാജർ കുറവെന്ന് കാരണത്താൽ വിദ്യാര്‍ത്ഥിയെ കോളേജ് അധികൃതര്‍ പരീക്ഷ എഴുതാൻ അനുവദി ച്ചില്ല . പരീക്ഷാഫീസ് അടച്ചിട്ടും പരീക്ഷയെഴുതാൻ അനുവദിക്കാത്തതിൽ മനംനൊന്താണ് ആനിഖ് ജീവനൊടുക്കിയതെന്ന്ബന്ധുക്കൾ ആരോപിച്ചു.

ആനിഖ് പരീക്ഷ എഴുതാനുളള തയ്യാറെടുപ്പിലായിരുന്നു. എന്നാല്‍ ഹാജര്‍ കുറവെന്ന പേരില്‍ പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന് അവസാന നിമിഷം കോളേജിൽ നിന്നും അറിയിപ്പ് വന്നു.ഇതിന് ശേഷം കടുത്ത നിരാശയിലായിരുന്നു,വീട്ടുകാര്‍ ഒരു വിവാഹ ചടങ്ങിന് പോയി തിരിച്ച് വന്നപ്പോൾ ആനിഖിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഉച്ച തിരിഞ്ഞ് കോഴിക്കോട് നടക്കാവിലെ വീട്ടിൽ വച്ചായിരുന്നു സംഭവം നടന്നത്.

ബന്ധുക്കള്‍ കോഴിക്കോട് സഹകരണ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ജീവൻ രക്ഷിക്കാനായില്ല.ശ്വാസം മുട്ടലിന്റെ പ്രശ്നമുണ്ടായിരുന്ന ആനിഖിന് പലപ്പോഴും ക്ളാസില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇക്കാര്യം കോളജ് അധികൃതരെ അറിയിച്ചിരുന്നുവെന്നും പരീക്ഷ ഫീസ് വരെ വാങ്ങിയ ശേഷമാണ് ഹാജർ 69 ശതമാനം മാത്രമേയുള്ളൂവെന്നും പരീക്ഷ എഴുതാന്‍ കഴിയില്ലെന്നും കോളജില്‍ നിന്ന് അറിയിപ്പ് വന്നതെന്നും ബന്ധുക്കൾ അറിയിച്ചു.

ആനിഖിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.ബന്ധുക്കളുടെ പരാതിയില്‍ നടക്കാവ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.