എ ആർ റഹ്മാന് ശേഷം വീണ്ടും ഗോൾഡൻ ഗ്ലോബുമായി ഇന്ത്യൻ സംഗീതം,ആർ ആർ ആറിന്റെ സംഗീത സംവിധായകൻ എം.എം കീരവാണി

ഇന്ത്യൻ സിനിമാ പ്രേമികൾക്ക് ഒരിക്കലും മറക്കുവാൻ കഴിയാത്ത ഒരനുഭവമായിരുന്നു എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ആർ ആർ ആർ എന്ന സിനിമയും ഗാനങ്ങളും.മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിനെ തേടിയെത്തി. ഗോൾഡൻ ഗ്ലോബ് അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമായി എസ്.എസ് രാജമൗലി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ആര്‍.ആര്‍.ആര്‍ മാറി കഴിഞ്ഞു.

ചിത്രത്തിന്റെ സംഗീത സംവിധായകൻ എം.എം കീരവാണിയ്ക്ക് ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് സംഗീതം നല്‍കിയതിന് ലോകത്തിലെ ഏറ്റവും പ്രശസ്ത അവാർഡ് ഗോൾഡൻ ഗ്ലോബ് തേടിയെത്തി. 1961 ജൂലൈ നാലിന് ആന്ധ്രാപ്രദേശിലെ കൊവ്വൂരിൽ ജനിച്ച അദ്ദേഹം, 1990ല്‍ കല്‍ക്കിയെന്ന ചിത്രത്തിലൂടെയാണ് സംഗീത സംവിധാന രംഗത്തേക്ക് കടന്നുവന്നത്. മനസു മമത എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്ത് കീരവാണി ശ്രദ്ധ നേടി.

രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്ത ക്ഷണാ ക്ഷമം എന്ന ചിത്രത്തിലൂടെ കൂടുതൽ പ്രശസ്തനായി. വിവിധ ഭാഷകളിലായി 220ഓളം ചിത്രങ്ങൾക്കു ഈണമിട്ടു. 90കളിൽ തെലുങ്ക് സംഗീതജ്ഞൻ കെ ചക്രവർത്തിയുടെ അസിസ്റ്റന്റായി സിനിമാജീവിതം തുടങ്ങിയ കീരവാണി ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യയിലും ബോളിവുഡിലും പാട്ടിന്റെ വസന്തം തീർക്കുകയായിരുന്നു.

എആർ റഹ്മാന് ശേഷം ഗോൾഡൺ ഗ്ലോബ് വീണ്ടും രാജ്യത്തെത്തുമ്പോൾ ഇന്ത്യൻ സിനിമാസംഗീതവും ആദരിക്കപ്പെടുകയാണ്.എസ് എസ് രാജമൗലിയുടെ ചിത്രങ്ങളിലെല്ലാം ഈണമിട്ടതും കീരവാണി തന്നെയാണ്. എസ് എസ് രാജമൗലിയും കീരവാണിയും ഒരേ കുടുംബത്തിലെയാണ് എന്ന പ്രത്യകതയുമുണ്ട്, കീരവാണിയുടെ അനിന്തരവനാണ് എസ് എസ് രാജമൗലി.

സംഗീതപ്രേമികൾക്ക് എന്നും ആവേശമായി ക്രിമിനൽ, ജിസം, സായ, സുർ, മഗധീര, തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾ ഒരുക്കിയതും കീരവാണിയാണ്. 61ആം വയസ്സിലും മാറുന്ന ട്രെൻഡുകൾക്കൊപ്പം വിസ്മയമായി കീരവാണി യാത്ര തുടരുകയാണ്. തമിഴിലെയും പ്രശസ്ത സംഗീത സംവിധായകനാണ് എം എം കീരവാണി.മലയാളികൾക്ക് ഏറെ പ്രിയങ്കരമായ സൂര്യമാനസം, നീലഗിരി, ദേവരാഗം എന്നീ മലയാള ചിത്രങ്ങൾക്ക് ഈണം നൽകിയതും കീരവാണിയുടെ സംഗീതമാണ്. എസ് പി ബാലസുബ്രഹ്മണ്യം, കെ. എസ് ചിത്ര എന്നിവരുടെ സ്വരമാണ് കീരവാണി തന്റെ ഈണങ്ങളില്‍ ഏറ്റവുമധികം ഉപയോഗിച്ചതെന്നാണ് മറ്റൊരു പ്രേത്യകത.