ന്യൂഡൽഹി : ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിയ്‌ക്കൊപ്പം നടക്കുമ്പോൾ കോൺഗ്രസ് എംപി സന്തോഖ് സിംഗ് ചൗധരി കുഴഞ്ഞ് വീണു മരിച്ചു. പഞ്ചാബ് ഫിലാൽപൂരിൽ വെച്ചായിരുന്നു സംഭവം. ചൗധരിയെ ഫഗ്വാരയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. 76 വയസ്സായിരുന്നു.
ചൗധരിയുടെ വിയോഗം പാർട്ടിക്ക് വലിയ ആഘാതമാണെന്ന് കോൺഗ്രസ്സ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ ട്വീറ്റ് ചെയ്തു. ലോക്‌സഭാ സ്പീക്കർ ഓം ബിർള, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവരും അനുശോചനം രേഖപ്പെടുത്തി. രാഹുൽ ഗാന്ധി ഉടൻ ആശുപത്രിയിലേക്ക് തിരിച്ചു. ജോഡോ യാത്ര താത്കാലികമായി നിർത്തിവെച്ചു. കോൺഗ്രസ്സ് സ്ഥാനാർഥിയായി 2014ലും, 2019-ലും അദ്ദേഹം പൊതു തിരഞ്ഞെടുപ്പുകളിൽ വിജയിച്ചു.പഞ്ചാബ് നിയമസഭയിലെ മുൻ ക്യാബിനെറ്റ് മന്ത്രിയായും അദ്ദേഹം ഇരുന്നിട്ടുണ്ട്..പഞ്ചാബിലെ ജലന്ധറാണ് ജന്മദേശം. കരംജിത്ത് കൌറാണ് ഭാര്യ, ഒരു മകനുണ്ട്.
അദ്ദേഹത്തിന് പെട്ടെന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും ഹൃദയമിടിപ്പ് കൂടുകയുമായിരുന്നു. ഹ്ര്യദയാഘാതമാണ് മരണകാരണമെന്നു ഡോക്ടറന്മാർ പറഞ്ഞു.