പൊലീസ് ഇടപെട്ടു; വിഷക്കായ കഴിച്ച് ജീവനൊടുക്കിയ അമ്മയുടെ മൃതദേഹം മക്കളെ കാണിക്കും

തൃശൂര്‍∙ പാവറട്ടിയില്‍ വിഷക്കായ കഴിച്ച് ജീവനൊടുക്കിയ ആഷയുടെ മൃതദേഹം മക്കളെ കാണിക്കാമെന്ന് ഒടുവിൽ ഭര്‍തൃവീട്ടുകാര്‍ സമ്മതിച്ചു. പത്തും നാലും വയസുള്ള കുട്ടികളെ മൃതദേഹം കാണാന്‍ കൊണ്ടുവരില്ലെന്നായിരുന്നു ആദ്യമെടുത്ത നിലപാട്. ആഷയുടെ കുടുംബം പൊലീസിനു പരാതി നൽകിയതിനു പിന്നാലെ കൊടുങ്ങല്ലൂർ ഡിവൈഎസ്പി കുടുംബവുമായി ചർച്ച നടത്തിയിരുന്നു. ഇതേത്തുടർന്നാണ് തീരുമാനമുണ്ടായത്.കേണപേക്ഷിച്ചിട്ടും ഭർത്താവ് സന്തോഷിന്റെ കുടുംബം വഴങ്ങുന്നില്ലെന്ന് ആഷയുടെ കുടുംബം പറഞ്ഞിരുന്നു. ഭര്‍തൃവീട്ടിലെ പീഡനംമൂലം ആഷ വിഷക്കായ കഴിച്ച് ജീവനൊടുക്കുകയായിരുന്നുവെന്നാണ് ആരോപണം. അതേസമയം, മൃതദേഹം കാണിച്ചശേഷം കുട്ടികളെ തിരികെ കൊണ്ടുപോകുമെന്നാണ് ധാരണ.പാവറട്ടി കവര വേലുക്കുട്ടിയുടെയും വത്സലയുടെയും മകളായ ആഷയെ, ഈ മാസം 12നാണ് ഭർതൃഗൃഹത്തിൽ വച്ച് വിഷക്കായ കഴിച്ച് അവശയായ നിലയിൽ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ ഗോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചയോടെ മരിച്ചു. സഞ്ജയ്, ശ്രീറാം എന്നിവരാണ് മക്കൾ. 12 വർഷമായി സന്തോഷും ആഷയും തമ്മിൽ വിവാഹിതരായിട്ട്.