തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി ശങ്കർ മോഹൻ രാജിക്കത്ത് സമർപ്പിച്ചു.രാജി സര്‍ക്കാര്‍ സ്വീകരിച്ചു.കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ രാജി സർക്കാർ സ്വീകരിച്ചതിന് പിന്നാലെ പുതിയ ഡയറക്ടർക്കായി മൂന്നംഗ സെര്‍ച്ച് കമ്മിറ്റിയെ രൂപീകരിച്ചു. വികെ രാമചന്ദ്രന്, ഷാജി എന്‍ കരുണ്‍, ടിവി ചന്ദ്രന് എന്നിവരാണ് സെര്‍ച്ച് കമ്മിറ്റിയിലുള്ളത്.
ജാതി വിവേചനമുൾപ്പെടെ ഒട്ടെറെ ആരോപണങ്ങൾ ഉന്നയിച്ചു് ഇൻസ്റ്റിട്യൂട്ടിലെ വിദ്യാർത്ഥികൾ സമരത്തിലായിരുന്നു.കഴിഞ്ഞ ഡിസംബർ മുതലാണ് ശങ്കർ മോഹന്‍ എതിരെ കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ സമരം ആരംഭിച്ചത്. ജാതി വിവേചനം അടക്കമുള്ള പരാതികൾ ഉയർന്നിരുന്ന നേരത്തെ ശങ്കർ മോഹന്‍ എതിരെയുള്ള ആരോപണങ്ങൾ പരിശോധിക്കാൻ സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു.
ജീവനക്കാരെ കൊണ്ട് സ്വന്തം വീട്ടിലെ കക്കൂസ് കഴുകിച്ചെന്നും സംവരണം അട്ടിമറിച്ച് വിദ്യാർഥി പ്രവേശനം നടത്തിയെന്നും ഉൾപ്പെടെ ഗുരുതര പരാതികൾ നേരിട്ട ശങ്കർ മോഹനെ സംരക്ഷിച്ചത് അടൂരാണെന്ന് ആരോപണം ഉയർന്നിരുന്നു. കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ അടൂർ ഗോപാലകൃഷ്ണനും രാജിവെക്കുെമെന്നാണ് സൂചന. അടൂരിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.
കാലാവധി തീർന്നതിനാലാണ് രാജിക്ക് വയ്ക്കുന്നതെന്നും,തന്റെ രാജിക്ക് വിവാദങ്ങളുമായി ബന്ധമില്ലെന്നും,ആരും തന്നോട് രാജി ആവശ്യപ്പെട്ടിരുന്നില്ലെന്നും ശങ്കര്‍ മോഹന്‍ പറയുന്നു.ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിലും ശങ്കര്‍ മോഹന്‍ രാജിക്കത്ത് നൽകി.