ഫെബ്രുവരി ഒന്ന് മുതൽ ക്ഷേമാന്വേഷണങ്ങളുമായി ഫീൽഡ് വിസിറ്റിന്റെ ഭാഗമായി ഗ്രാമങ്ങൾ സന്ദർശിക്കുന്നു തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

ചെന്നൈ : ജനങ്ങൾക്കുള്ള ക്ഷേമ,വികസന പദ്ധതികളുടെ നടത്തിപ്പുകൾ പരിശോധിക്കുവാനും അവലോകനം ചെയ്യുവാനുമായി സി എം ഓൺ വിസിറ്റ് പരിപാടിയുമായി ജില്ലകൾ സന്ദർശിക്കുന്നു തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.ഫെബ്രുവരി ഒന്ന് മുതൽ സി എം ഓൺ വിസിറ്റ് പരിപാടി ആരംഭിക്കുമെന്ന് തമിഴ്‌നാട് സർക്കാർ വാർത്താ കുറിപ്പിലൂടെ അറിയിച്ചു.പരിപാടിയുടെ ആദ്യഘട്ടമെന്ന നിലയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും ഫീൽഡ് വിസിറ്റിന്റെ ഭാഗമാകും.

കുടിവെള്ളം,ശുചിത്വം,വിദ്യാഭ്യാസം,ആരോഗ്യം,റോഡുകൾ,അടിസ്ഥാന വികസനം,ഗ്രാമ നഗര വികസനം,കുട്ടികളുടെ പോഷകാഹാര വികസനം തുടങ്ങിയ വികസന പരിപാടികളുമായി ബന്ധപ്പെട്ട പദ്ധതികൾ പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്യും.ഫെബ്രുവരി ഒന്ന് രണ്ട് തീയതികളിൽ റാണിപ്പേട്ട്,വെല്ലൂർ,തിരുപ്പത്തൂർ,തിരുവണ്ണാമലൈ ജില്ലകളിലെ കർഷക സംഘടനകൾ, സ്വാശ്രയ സംഘങ്ങൾ വ്യവസായ കൂട്ടായ്മകൾ എന്നിവരുമായി മുഖ്യമന്ത്രി സ്റ്റാലിനും സംഘവും കൂടിക്കാഴ്ച്ച നടത്തും.

ഈ നാല് ജില്ലകളിലെ ക്രമസമാധാന നില സംബന്ധിച്ച് പോലീസ് ഉദ്യോഗസ്ഥരുമായി അവലോകന യോഗം ചേരും.അന്നേ ദിവസം തന്നെ ഡി എം കെ മന്ത്രിമാർ ഈ നാലു ജില്ലകളിലെ സുപ്രധാന പദ്ധതികളുടെ നടത്തിപ്പ് ചുമതലയുള്ള വകുപ്പ് സെക്രട്ടറിമാരുമായും അവലോകന യോഗം ചേരും.ഫെബ്രുവരി രണ്ടിന് ഈ നാലു ജില്ല കളക്ടറന്മാർ പങ്കെടുക്കുന്ന യോഗത്തിൽ ശേഖരിച്ച വിവരങ്ങളുടെമേലുള്ള ചർച്ച നടക്കും.