കൊച്ചി:മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് സിനിമയുമായി താൻ നടത്തിയ പരാമർശത്തിന്റെ ഒരു ഭാഗം മാത്രം ഉപയോഗിച്ച് അപമാനിക്കുന്നതിലും ഇൻസ്റ്റാഗ്രാം, യൂട്യൂബ് അടക്കമുള്ള മാധ്യമങ്ങളിലൂടെ അസഭ്യം ഉൾക്കൊള്ളുന്ന വീഡിയോകൾ പ്രചരിക്കുന്നതിലും അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി സൈബർ സെല്ലിന് ഇടവേള ബാബു പരാതി നൽകിയതിനെ തുടർന്ന് ഇൻസ്റ്റഗ്രാം വഴി അസഭ്യ വീഡിയോ പങ്കുവെച്ച തിരുവനന്തപുരം സ്വദേശികളായ കൃഷ്ണപ്രസാദ്(59), വിവേക്(30) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
നാല് ദിവസങ്ങൾക്ക് മുമ്പാണ് ഇവർ ഇൻസ്റ്റഗ്രാം വഴി നടൻ ഇടവേള ബാബുവിനെ അസഭ്യം പറഞ്ഞുകൊണ്ട് വീഡിയോ പങ്കുവെച്ചത്.ഇവരുടെ കൈയിൽ നിന്നും നാല് മൊബൈൽ ഫോണുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.കൊച്ചി സിറ്റി സൈബർ സെൽ പൊലീസാണ് നടപടിയെടുത്തത്. ചിത്രം ഫുള്‍ നെഗറ്റീവ് ആണെന്നും ഇത്തരത്തില്‍ ഒരു സിനിമയ്ക്ക് എങ്ങനെ സെന്‍സറിംഗ് കിട്ടിയെന്ന് തനിക്ക് അറിയില്ലെന്നും ഇടവേള ബാബു അഭിപ്രായപ്പെട്ടിരുന്നു.
”ആ സിനിമ ഇവിടെ ഓടി. ആര്‍ക്കാണ് ഇവിടെ മൂല്യച്ച്യുതി സംഭവിച്ചത്? സിനിമക്കാര്‍ക്കോ അതോ പ്രേക്ഷകര്‍ക്കോ? നിര്‍മ്മാതാവിന് ലാഭം കിട്ടിയ സിനിമയാണ് അത്. അങ്ങനെ ഒരു സിനിമയെപ്പറ്റി എനിക്കൊന്നും ചിന്തിക്കാന്‍ പറ്റില്ല. എനിക്ക് അത്ഭുതം തോന്നിയത് പ്രേക്ഷകര്‍ എങ്ങോട്ടേക്കാണ് പോകുന്നതെന്ന് ഓര്‍ത്താണ്”- ഇടവേള ബാബു പറഞ്ഞിരുന്നു.
കഴിഞ്ഞ നവംബര്‍ 11 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ജനുവരി 13ന് ഡിസ്നി ഹോട്സ്റ്റാറിലൂടെ ഒടിടി റിലീസ് ചെയ്തിരുന്നു. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. അജിത് ജോയ് ആണ് ചിത്രം നിര്‍മിച്ചത്. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തതയുമായി എത്തിയ ചിത്രമായിരുന്നു മുകുന്ദന് ഉണ്ണി അസോസിയേറ്റ്സ്. ബ്ലാക്ക് കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്തത് നവാഗതനായ അഭിനവ് സുന്ദര്‍ നായക് ആയിരുന്നു. ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് വിനീത് ശ്രീനിവാസനും.