40 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസിൽ നടൻ ബാബു രാജ് അറസ്റ്റിൽ

ഇടുക്കി: നിയമാനുസൃതമല്ലാതെ പ്രവർത്തിക്കുന്ന റിസോർട്ടും അനുബന്ധ സ്ഥാപനങ്ങളും പാട്ടത്തിന് നൽകി 40 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസിൽ നടൻ ബാബുരാജിനെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. നിയമാനുസൃതമായ പട്ടയം ഇല്ലാത്തതിന്റെ പേരിൽ റവന്യു വകുപ്പ് കുടിയൊഴിപ്പിക്കൽ നടപടികൾ ആരംഭിച്ച സ്ഥലത്താണ് റിസോർട്ട് സ്ഥിതി ചെയ്യുന്നത്.വഞ്ചനാക്കേസിലാണ് അടിമാലി പോലീസ് ബാബുരാജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

വൈറ്റ് മിസ്റ്റ് മൗണ്ടൻ ക്ലബ്ബ് എന്ന പേരിൽ മൂന്നാർ ആനവിരട്ടിക്ക് സമീപം കമ്പിലൈൻ ഭാഗത്ത് 22 കെട്ടിടങ്ങൾ ഉൾപ്പെടുന്നതാണ് റിസോർട്ട്.ഇതിൽ അഞ്ചു കെട്ടിടങ്ങൾക്ക് മാത്രമാണ് പള്ളിവാസൽ പഞ്ചായത്ത് നമ്പറിട്ട് നൽകിയിരുന്നത്.സ്ഥലത്തിന്റെ പട്ടയം നിലവിലെ ചട്ടങ്ങൾ പ്രകാരം നൽകിയിട്ടുള്ളതല്ലെന്ന് വ്യക്തമായ സാഹചര്യത്തിൽ റവന്യു വകുപ്പ് ഇവിടെനിന്ന് ഒഴിയണമെന്ന് ആവശ്യപ്പെട്ട് റിസോർട്ട് നടത്തിപ്പുക്കാർക്ക് നോട്ടീസും നൽകിയിരുന്നു.

40 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും തിരിച്ചു ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. 2020 ഫെബ്രുവരി 26 ന് 40 ലക്ഷം രൂപ ഡിപ്പോസിറ്റും മാസം മൂന്നു ലക്ഷം രൂപ വാടകയും പ്രകാരം റിസോർട്ടിന്റെ നടത്തിപ്പ് മാർച്ച് 15 മുതൽ തനിക്ക് നൽകാമെന്ന് കാണിച്ച് ബാബുരാജ് കരാർ തയ്യാറാക്കിയെന്നും ഇതിൻപ്രകാരം രണ്ടു ഗഡുക്കളായി താൻ 40 ലക്ഷം രൂപ നൽകിയെന്നും പരാതിക്കാരനായ അരുൺകുമാർ വ്യക്തമാക്കി. കൊവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് കരാർ പ്രകാരം മുന്നോട്ട് പോകാൻ സാധിച്ചില്ല. ഇതെത്തുടർന്ന് താൻ നൽകിയ പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു.

കൊവിഡ് പ്രതിസന്ധി കാരണം ഒറ്റ ദിവസം പോലും റിസോർട്ട് തുറന്ന് പ്രവർത്തിക്കാനായില്ല. പിന്നീട് കഴിഞ്ഞ വർഷം തുറക്കാനായി പഞ്ചായത്തിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായതെന്നും അരുൺ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. അരുണിൻ്റെ പരാതിയിൽ കോടതി നിർദ്ദേശപ്രകാരം അടിമാലി പോലീസ് ബാബുരാജിനെതിരെ കേസെടുത്തിരുന്നു.

മൂന്ന് ലക്ഷം രൂപ വെച്ചുള്ള 11 മാസത്തെ വാടകയും ജോലിക്കാരുടെ ശമ്പളവും കണക്കാക്കുമ്പോൾ 40 ലക്ഷം തിരിച്ചുകൊടുക്കേണ്ടതില്ലെന്നാണ് ബാബുരാജ് പറയുന്നത്.ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം ബാബുരാജ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. പോലീസ് അറസ്റ്റുചെയ്യുന്ന പക്ഷം ഉപാധികളുടെ അടിസ്ഥാനത്തിൽ ജാമ്യം നൽകി വിട്ടയക്കണം എന്നും ഉത്തരവിൽ സൂചിപ്പിച്ചിട്ടുണ്ട്