തിരുവനന്തപുരം : കേരളാ പോലീസിന്റെ ഓപ്പറേഷൻ ആഗിൽ എല്ലാ ജില്ലകളിലും കർശന പരിശോധനയാണ് നടന്നുകൊണ്ടിരിക്കുന്നത്.രണ്ടായിരത്തിലധിയകം പേരെ കസ്റ്റഡിയിൽ എടുത്തതായാണ് റിപ്പോർട്ട്.ഗുണ്ടകളേയും ക്രിമിനലുകളേയും പിടികൂടാനുള്ള കേരളാ പോലീസിന്റെ പദ്ധതിയാണ് ഓപ്പറേഷന് ആഗ്.
സാമൂഹ്യ വിരുദ്ധരെയും പിടികിട്ടാപ്പുള്ളികളെയും അമർച്ച ചെയ്യാനുള്ള പദ്ധതിയാണിതെന്ന് കേരളാ പോലീസ് പറയുന്നു. കാപ്പ ചുമത്തിയതിനു ശേഷം ഒളിവിൽ പോയവർ,വിവിധ കേസുകളിലെ പിടികിട്ടാപ്പുള്ളികൾ,ലഹരി വിൽപ്പനക്കാർ,പോലീസ് അന്വേഷിക്കുന്നവർ അങ്ങനെ നിരവധിപ്പേരേയാണ് ഓപ്പറേഷൻ ആഗിൽ പൊക്കുന്നത്.മലപ്പുറം ജില്ലയിൽ ഓപ്പറേഷന് ആഗിന്റെ പോലീസ് കഴിഞ്ഞ ദിവസം നടത്തിയ വ്യാപക പരിശോധനയിൽ 155 ഓളം പേര് പിടിയിലായി.
മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ്. എസ് ഐ.പി.എസിന്റെ നിർദ്ദേശ പ്രകാരം ആയിരുന്നു നടപടികൾ. ജില്ലയിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും നടത്തിയ പ്രത്യേക കർശന പരിശോധനയുടെ ഭാഗമായി ആകെ 836 കേസുകൾ രജിസ്റ്റർ ചെയ്തു. തലസ്ഥാന നഗരിയായ തിരുവനന്തപുരത്താണ് കൂടുതൽ അറസ്റ്റുകൾ നടന്നത്.
മലപ്പുറം, പെരിന്തൽമണ്ണ, നിലമ്പൂർ, കൊണ്ടോട്ടി, തിരൂർ, താനൂർ ഡി.വൈ.എസ്.പി മാരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതിയായ ശേഷം കോടതിയിൽ നിന്ന് ജാമ്യം എടുത്ത് ഒളിവിൽ പോയ പിടികിട്ടാപുള്ളികളായ 35 ഓളം പേരെ ജില്ലയിലെ വിവിധ ഇടങ്ങളിൽ നിന്ന് പോലീസ് പിടികൂടി.
പിടികിട്ടാപുള്ളികളായ 30 പേരെയും, ജാമ്യമില്ലാ വാറൻ്റ് ഉള്ള 80 പേരെയും,വിവിധ കേസുകളിൽ വാറണ്ടുള്ളവരും കോടതികളിൽ ഹാജരാകാതെ നിയമം ലംഘിച്ച് നടന്നിരുന്നവരുമായ 80 പേരെയും അറസ്റ്റ് ചെയ്തു. അനധികൃത മണൽ കടത്തിനെതിരെ 8 കേസുകളും അനധികൃത മദ്യ വിൽപ്പനക്കെതിരെ അബ്കാരി ആക്ട് പ്രകാരം 103 കേസുകളും രജിസ്റ്റർ ചെയ്തു