ഒരു കാലത്ത് കേരളത്തിലെ കാടുകളിൽ ഉണ്ടെന്ന് വിശ്വസിച്ചിരുന്ന, ഇന്നും പലരും വിശ്വസിക്കുന്ന ഒരു പാമ്പാണ് കരിങ്കോളി. മഞ്ഞക്കോളി, കരിവെതല, കരിചാത്തി എന്നീ പേരുകളിലും ഈ സാങ്കല്പിക സർപ്പം അറിയപ്പെടുന്നുണ്ട്. കരിങ്കോളി എന്ന ഉഗ്രവിഷമുള്ള കറുത്ത പാമ്പ് ഉണ്ടെന്ന് പലരും വിശ്വസിച്ചിരുന്നു. ഇത് വനത്തിലെ ഏറ്റവും അപകടകരവും വിഷമുള്ളതുമായ ജീവികളിൽ ഒന്നായി അവർ കണക്കാക്കി. വയനാടൻ കാടുകളിലും നെല്ലിയാമ്പതി മുതൽ പെരിയാർ വരെയുള്ള ഭാഗത്ത് ഇന്നും ഇവയുണ്ടെന്ന് വിശ്വസിക്കുന്നവരുണ്ട്കരിങ്കോളി കടും നീലയോ കറുത്തതോ ആയ പാമ്പായാണ് കരിങ്കോളിയെ സങ്കൽപ്പിക്കുന്നത്. ഏകദേശം പതിനാറ് അടി നീളവും ആകർഷകമായ രൂപവും ഉണ്ടായിരുന്നു. ആൺപാമ്പിന്റെ തലയിൽ പൂപോലെയുള്ള അടയാളം ഉണ്ടായിരുന്നു. അത് പൂവൻകോഴിയുടെ തലയിലേതിന് പോലെ സമാനമാണ് പോലും. കൂടാതെ ഇരയെ ആക്രമിക്കുമ്പോൾ കോഴി കൂവുന്നത് പോലെയുള്ള ശബ്ദം ഈ പാമ്പ് പുറപ്പെടുവിക്കുമെന്നും പറയപ്പെട്ടിരുന്നുആൺപാമ്പിനെ പൂവൻ എന്നും പെൺപാമ്പിനെ പിട എന്നുമാണ് വിളിക്കുന്നത്. പെൺപാമ്പിന് ആൺ പാമ്പിന്റെ അത്രയും വലിപ്പമുണ്ട്. വലിയ ജീവികളെ ഭക്ഷിച്ച് ജീവിക്കുന്ന ഇവ, വേട്ടയാടുമ്പോഴും മറ്റും ഇണയിൽ നിന്ന് വളരെ അകന്ന് മാറി പോകാതെയിരിക്കാൻ ഇടയ്ക്കിടെ ചൂളമടിച്ച് കൊണ്ടിരിക്കും എന്നും വിശ്വസിക്കപ്പെടുന്നു.
മനുഷ്യരെ ആക്രമിക്കാൻ മടിയില്ലാത്ത പാമ്പുകളാണ് കരിങ്കോളി എന്നാണ് വിശ്വാസം. ഇണയെ കൊന്നാൽ സമീപത്ത് തന്നെയുള്ള ഇണ ഉടൻ തന്നെ എത്തി പ്രതികാരം ചെയ്യും എന്നും വിശ്വാസമുണ്ട്. ലഭ്യമായ അറിവുകൾ അനുസരിച്ച് ഇത് തികച്ചും സങ്കല്പികമായ ഒരു പാമ്പ് ആണ്. പലരും കണ്ടിട്ടുണ്ട് എന്ന് അവകാശപ്പെടുന്നതല്ലാതെ തെളിവുകൾ ഒന്നും ലഭ്യമായിട്ടില്ല. അതിനാൽ ഇന്നും ഒരു ചോദ്യ ചിഹ്നമായി കരിങ്കോളി തുടരുകയാണ്.