കോന്നിക്ക് പിന്നാലെ കോഴിക്കോട്ടും കൂട്ട അവധി. സബ് കളക്ടറുടെ വിവാഹത്തിന് അവധിയെടുത്ത് പോയത് 22 പേരാണ്.ഫെബ്രുവരി 3ന് വെളളിയാഴ്ച തിരുനെൽവേലിയിൽ വച്ചായിരുന്നു സബ് കളക്ടറുടെ വിവാഹം. ആകെയുളള 33 ജീവനക്കാരിൽ ഭൂരിഭാഗം പേരും വിവാഹത്തിനായി അവധി എടുത്തു. ഭൂമിതരംമാറ്റം അടക്കം നിരവധി അപേക്ഷകൾ കെട്ടിക്കിടക്കുന്ന ഓഫീസാണിത്. പരാതികൾ കൈകാര്യം ചെയ്യാൻ ഡെപ്യൂട്ടേഷനിൽ നിയോഗിക്കപ്പെട്ടവരാണ് ഏറെയുമുണ്ടായിരുന്നത്.
നേരത്തെ മൂന്നാറിലേക്ക് വിനോദയാത്ര പോകാൻ കോന്നി താലൂക്ക് ഓഫിസിൽ നിന്ന് അവധിയെടുത്തും അവധിയെടുക്കാതെ അനധികൃതമായി ഹാജരാകാതെയും ചെയ്ത മുപ്പതിലേറെ പേർ ഇന്ന് മടങ്ങിയെത്തിയിരുന്നു. മാധ്യമങ്ങളുടെ ശ്രദ്ധയിൽ പെടാതിരിക്കാൻ വിനോദയാത്രയ്ക്ക് പോയപ്പോൾ വാഹനങ്ങൾ നിർത്തിയിട്ട കോന്നി താലൂക്ക് ഓഫീസിനു മുൻവശം വരാതെയാണ് ജീവനക്കാർ വീടുകളിലേക്ക് മടങ്ങിയത്. ജീവനക്കാരുടെ അനധികൃത വിനോദയാത്രയെ കുറിച്ചുള്ള അന്വേഷണം റിപ്പോർട്ട് അടുത്തദിവസം തന്നെ സർക്കാരിലേക്ക് സമർപ്പിക്കും എന്നാണ് ജില്ലാ കളക്ടറും വ്യക്തമാക്കിയത്.