കൊച്ചി ∙ നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയെന്ന കേസിൽ പ്രതിയായ സ്വപ്ന സുരേഷിന് ജോലി നൽകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചതായി അദ്ദേഹത്തിന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി എം.ശിവശങ്കർ സ്വപ്നയെ അറിയിക്കുന്ന വാട്സാപ് ചാറ്റ് പുറത്ത്. ഈ ചാറ്റ് തെളിവായി ചേർത്താണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റിമാൻഡ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. ‘നിനക്ക് ജോലി വാങ്ങിത്തരണമെന്ന് സിഎം എന്നോടു പറഞ്ഞിട്ടുണ്ട്. പക്ഷെ അത് താഴ്ന്ന പദവിയായിരിക്കും. എങ്കിലും നേരത്തേയുള്ളതിന്റെ ഇരട്ടി ശമ്പളം കിട്ടും’ എന്നാണ് ശിവങ്കർ ചാറ്റിൽ പറയുന്നത്. ശിവശങ്കറും സ്വപ്നയും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകളുടെ വിശദാംശങ്ങൾ അക്കമിട്ടു നിരത്തിയാണ് ഇഡി കോടതിയിൽ റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ശിവശങ്കര്‍-സ്വപ്ന വിഷയത്തില്‍ മുഖ്യമന്ത്രിയെ നേരിട്ടു ബന്ധിപ്പിക്കുന്ന ചാറ്റ് ഇഡി സമര്‍പ്പിച്ചതോടെ കേസിന്റെ ഗൗരവം വര്‍ധിച്ചിരിക്കുകയാണ്.
റിമാൻഡ് റിപ്പോർട്ടിൽ ചേർത്തിരിക്കുന്ന വാട്സാപ്പ് ചാറ്റുകളിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് അറസ്റ്റിനു മുമ്പുള്ള മൂന്നു ദിവസം ശിവശങ്കറിനെ ഇഡി ചോദ്യം ചെയ്തത്. എന്നാൽ കൂടുതൽ സമയവും മൗനം പാലിച്ച ശിവശങ്കർ, ചോദ്യം ചെയ്യലുമായി സഹകരിച്ചില്ലെന്നാണ് വിവരം. ഈ സാഹചര്യത്തിൽ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഇഡി ശിവശങ്കറിനെ കസ്റ്റഡിയിൽ ലഭിക്കാൻ അപേക്ഷ സമർപ്പിച്ചത്. തുടർന്ന് കോടതി അഞ്ച് ദിവസത്തേക്ക് ശിവശങ്കറിനെ കസ്റ്റഡിയിൽ വിടുകയായിരുന്നുശിവശങ്കറിന്റെ ആരോഗ്യസ്ഥിതി പരിഗണിച്ച് രണ്ടു മണിക്കൂർ ചോദ്യം ചെയ്യലിനുശേഷം അര മണിക്കൂർ ഇടവേള അനുവദിക്കണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. അതിനിടെ, ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിന് ഇഡി നോട്ടിസ് നൽകി. വേണുഗോപാലിനെ ശിവശങ്കറിനൊപ്പമിരുത്തി ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കം. ലോക്കറിനെക്കുറിച്ച് അറിയില്ലെന്ന ശിവശങ്കറിന്റെ വാദം പൊളിക്കാനാണ് ഇതെന്നാണ് സൂചന.നേരത്തെ, കേസുമായി ബന്ധപ്പട്ട മറ്റു ചില വാട്സാപ്പ് ചാറ്റുകളുടെ വിശദാംശങ്ങളും പുറത്തു വന്നിരുന്നു. കോഴപ്പണം എത്തിയതിന്റെ തലേന്ന് സ്വപ്നയുമായി ശിവശങ്കർ നടത്തിയ വാട്സാപ് ചാറ്റാണ് സുപ്രധാന തെളിവായി റിമാൻഡ് റിപ്പോർട്ടിൽ ഇഡി കോടതിയിൽ സമർപ്പിച്ചത്. കാര്യങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും, എന്തെങ്കിലും പിഴവ് സംഭവിച്ചാൽ എല്ലാം അവർ നിന്റെ തലയിൽ ഇടുമെന്നും ചാറ്റിൽ ശിവശങ്കർ സ്വപ്നയ്ക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. സന്തോഷ് ഈപ്പന് നിർമാണ കരാർ നൽകാൻ മുന്നിൽ നിന്നത് ശിവശങ്കറാണെന്നും റിപ്പോർട്ടിലുണ്ട്.