2023 ലെ ഓസ്കർ വേദിയിൽ അവതാരകയായി ബോളിവുഡ് താരം ദീപിക പദുക്കോൺ എത്തും. സോഷ്യൽ മീഡിയയിലൂടെയാണ് ഈ സന്തോഷ വാർത്ത താരം ആരാധകരെ അറിയിച്ചത്.
വേയ്ൻ ജോൺസൺ, മൈക്കിൾ ബി ജോർദാൻ, റിസ് അഹമദ്, എമിലി ബ്ലണ്ട്, ഗ്ലെൻ ക്ലോസ്, ട്രോയ് കോട്സൂർ, ജെനീഫർ കോണലി, സാമൂവൽ എൽ ജാക്സൻ, മെലീസ മക്കാർതി, സോ സാൽഡന, ഡോണി യെൻ, ജൊനാഥൻ മേജോഴ്സ്, ക്വസ്റ്റ് ലൗ എന്നിവരാണ് ദീപികയ്ക്കൊപ്പം വേദിയിലെത്തുന്ന താരങ്ങൾ.ദീപികയ്ക്കുള്ള ആശംസകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. നടി നേഹ ദുപിയ, ദീപികയുടെ സഹോദരി അനീഷ പദുക്കോൺ, ഭർത്താവും നടനുമായ റൺവീർ സിങ്ങ് എന്നിവരും ആശംസകളുമായി എത്തിയിട്ടുണ്ട്.95-ാം അക്കാദമി അവാർഡ്സ് ലോസ് എയ്ഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ മാർച്ച് 12ന് (മാർച്ച് 13 IST) നടക്കും. ഇന്ത്യയെ സംബന്ധിച്ച് ഈ വർഷത്തെ ഓസ്കർ ഏറെ പ്രത്യേകതകളുള്ളതാണ്. മൂന്നു ഇന്ത്യൻ ചിത്രങ്ങളാണ് ഈ വർഷം അവാർഡിനായി മത്സരിക്കുന്നത്.
മികച്ച ഡോക്യൂമെന്ററി ഫീച്ചർ വിഭാഗത്തിൽ ഷൊനാക് സെനിന്റെ ‘ഓൾ ദാറ്റ് ബ്രദ്സ്’, മികച്ച ഷോർട് ഡോക്യൂമെന്ററി വിഭാഗത്തിൽ ഗുനീത്ത് മോങ്കയുടെ ‘ദി എലിഫന്റ് വിസ്പേഴ്സ്’ എന്നിവ മത്സരിക്കുന്നുണ്ട്.മികച്ച ഗാനം എന്ന വിഭാഗത്തിൽ ‘ആർആർആർ’ ലെ ‘നാട്ടു നാട്ടു’ മത്സരത്തിനുണ്ട്. ഇതേ ഗാനത്തിന് ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചു എന്നത് ഓസ്കറിൽ പ്രതീക്ഷയുണർത്തുന്നതാണ്. എസ്എസ് രാജമൗലി, എംഎം കീരവാണി, രാം ചരൺ എന്നിവർ ചടങ്ങിനായെത്തും. രാഹുൽ സിപ്ലിഗുഞ്ച്, കാല ഭൈരവ എന്നിവർ ചേർന്ന് പുരസ്കാര വേദിയിൽ ഗാനം ആലപിക്കുകയും ചെയ്യുന്നതാണ്.
ഓസ്കർ വേദിയിൽ വിവിധ വിഭാഗങ്ങളിൽ മത്സരിക്കാൻ ആർആർആർ പ്രചരണം നടത്തിയിരുന്നെങ്കിലും ഒരു വിഭാഗത്തിൽ മാത്രമാണ് ചുവടുറപ്പിക്കാൻ കഴിഞ്ഞത്. ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടത് ‘ചെല്ലോ ഷോ’ യാണ്. എന്നാൽ ചിത്രത്തിനു അവസാന ഘട്ടങ്ങളിലേക്കെത്താൻ സാധിച്ചില്ല.