ആറ്റുകാൽ പൊങ്കാലയ്ക്ക് ഒരുങ്ങി അനന്തപുരി; അനുഗ്രഹം തേടി ഭക്തലക്ഷങ്ങള്‍

തിരുവനന്തപുരം ∙ ആറ്റുകാൽ അമ്മയുടെ അനുഗ്രഹം തേടി ഭക്തലക്ഷങ്ങൾ അർപ്പിക്കുന്ന പൊങ്കാല ഇന്ന്. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം നിയന്ത്രണങ്ങളേതുമില്ലാതെ നടക്കുന്ന പൊങ്കാല അർപ്പിച്ച് സായൂജ്യരാകാൻ ലക്ഷക്കണക്കിനു പേരാണ് നഗരത്തിലെത്തിയിട്ടുള്ളത്. രാവിലെ പത്തരയ്ക്ക് ക്ഷേത്രമുറ്റത്തെ പണ്ഡാര അടുപ്പിൽ തീ പകരുന്നതോടെ നഗരത്തിലാകെ നിരന്ന അടുപ്പുകളിൽ പൊങ്കാല സമർപ്പണത്തിന് തുടക്കമാകും. കനത്ത ചൂട് കണക്കിലെടുത്ത് നിർജലീകരണം ഉണ്ടാകാതിരിക്കാൻ ഇടയ്ക്കിടെ ദാഹം തോന്നിയില്ലെങ്കിലും വെള്ളം കുടിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.

രാവിലെ 10.30നാണ് അടുപ്പുവെട്ട്. ക്ഷേത്ര തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്നു ദീപം പകർന്നു മേൽശാന്തി പി. കേശവൻ നമ്പൂതിരിക്കു കൈമാറും. തിടപ്പള്ളിയിലെയും വലിയ തിടപ്പള്ളിയിലെയും പൊങ്കാല അടുപ്പുകളിൽ പകർന്ന ശേഷം മേൽശാന്തി ദീപം സഹമേൽശാന്തിക്കു കൈമാറും. ഉച്ചയ്ക്കു ശേഷം രണ്ടരയ്ക്കാണു നിവേദ്യം. പണ്ടാര അടുപ്പിൽ ഒരുക്കുന്ന പൊങ്കാലയാണ് ആദ്യം നിവേദിക്കുക. ഈ സമയം തന്നെ ഭക്തർ തയാറാക്കിയ നിവേദ്യങ്ങളിലും തീർഥം പകരും.