കണ്ണൂര്‍: നിക്ഷേപകര്‍ക്ക് പറഞ്ഞ ദിവസം പണം നല്‍കാനായി അവളുടെ വിവാഹസമയത്തുണ്ടായിരുന്ന മുപ്പതുലക്ഷത്തിന്റെ സ്വര്‍ണം പണയത്തിലാണ്.അര്‍ബന്‍നിധി കമ്പനിയില്‍ നിന്നും തന്റെ ഭാര്യ അഞ്ചുപൈസപോലും അന്യായമായി എടുത്തിട്ടില്ല. അര്‍ബന്‍നിധി നിക്ഷേപതട്ടിപ്പുകേസിലെ അഞ്ചാംപ്രതിയും ജീവനക്കാരിയുമായിരുന്ന സി വി ജീനയുടെ ഭര്‍ത്താവ് ആദികടലായി വട്ടക്കുളത്തെ ഷാജ് പറഞ്ഞു.
” താമസിക്കുന്ന വീടിന്റെ രേഖയും ബാങ്കില്‍ പണയത്തിലാണ്. ഞങ്ങള്‍ക്ക് പാരമ്പര്യമായി കിട്ടിയ കുറച്ചു സ്ഥലമല്ലാതെ മറ്റൊന്നുമില്ല. ഞാന്‍ വര്‍ഷങ്ങളോളം ഗള്‍ഫില്‍ വിയര്‍പ്പൊഴുക്കിയാണ് ഈ വീടു നിര്‍മിച്ചത്. ജീന അര്‍ബന്‍നിധിയുടെ ഡയറക്ടറോ മാനേജരോ ആയിരുന്നില്ല. പിഗ്മി കലക്ഷന്‍ ഏജന്റായാണ് പ്രവര്‍ത്തിച്ചിരുന്നത്. നേരത്തെ ജോലി ചെയ്ത സ്ഥാപനത്തിലെ ഇടപാടുകാര്‍ക്ക് അവരില്‍ വിശ്വാസമുണ്ടായിരുന്നുഅതുകൊണ്ടാണ് അവര്‍ വിശ്വസിച്ചു 16 കോടിയോളം അവരെ ഏല്‍പ്പിച്ചത്.
അതൊക്കെ അതാത് ദിവസം അവള് അര്‍ബന്‍നിധിയില്‍ പോയി അടച്ചതിന് രേഖകളുണ്ട്. താവക്കരയിലുളള അര്‍ബന്‍നിധി ഓഫീസില്‍ അവള് സ്ഥിരമായി ഇരുന്നിട്ടില്ല. ഫീല്‍ഡില്‍ വാഹനവുമായി പോയി പണം കളക്ടു ചെയ്യുകയും അതു അര്‍ബന്‍നിധിയലടക്കുകയുമായിരുന്നു. ഇതിന്റെ രസീത് ഇടപാടുകാര്‍ക്ക് അവള് കൃത്യമായി എത്തിച്ചു നല്‍കിയിരുന്നു. പണം മുഴുവന്‍ എനിടൈംമണിയെന്ന എ ടി എമ്മിലേക്ക് വകമാറ്റിയത് ഡയറക്ടര്‍മാരായ ഷൗക്കത്തലിയും ഗഫീറും ആന്റണിയും കൂടിയാണ്. അവിടെയുണ്ടായിരുന്ന ലാപ് ടോപ്പുകളുടെ പാസ്വേര്‍ഡൊന്നും ജീനയ്ക്കറിയില്ലെന്നു പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
ഒരുഭരണകക്ഷി വക്കീലിന്റെയും ചില രാഷ്ട്രീയ നേതാക്കളുടെയും ഒത്താശയോടെ ജീവനക്കാരെ മാത്രം പ്രതികളാക്കി ഡയറക്ടര്‍മാരെ വെറുതെ വിടാനുളള നീക്കമാണ് അണിയറയില്‍ നടക്കുന്നത്. മരണം വരെ ജീന ജയിലില്‍ കിടന്നാലും സാരമില്ല അവള് പണം തട്ടിയവര്‍ക്കെതിരെ കോടതിയില്‍ സത്യം ബോധിപ്പിക്കുക തന്നെചെയ്യും. ഒരു ഹൈക്കോടതിയിലും ഞങ്ങള്‍ ജാമ്യാപേക്ഷയുമായി പോയിട്ടില്ല. അതിന്റെ ആവശ്യവുമില്ല. നമ്മുടെ നാട്ടുകാരെ പറ്റിച്ചു പണം കവര്‍ന്നവരെ പിടികൂടുന്നതിനാണ് ജീന ജയിലില്‍ കിടക്കുന്നത്. ആത്മാര്തഥമായി ജോലി ചെയ്തതിനാണ് അവള്‍ക്ക് ജയിലില്‍ കിടക്കേണ്ടി വന്നത്.
കമ്പിനി തകര്‍ന്നുവെന്ന വാര്‍ത്ത പുറത്തുവന്നുതുടങ്ങി. ജീന ഒളിവില്‍ പോയാല്‍ അവളെ മാത്രം പ്രതിയാക്കി ഷൗക്കത്തും സംഘവും രക്ഷപ്പെടുമെന്നതുകൊണ്ടാണ് പോലീസില്‍ കീഴടങ്ങി എല്ലാം തുറന്നുപറഞ്ഞത്. ഇപ്പോള്‍ 103 കേസുകള്‍ അവളുടെ പേരിലുണ്ട്. ഡയറക്ടര്‍മാര്‍ക്കെതിരെ പുതുതായി വരുന്ന കേസുകളൊക്കെ ജീനയുടെ പേരിലാക്കാനാണ് പോലീസ് ശ്രമിക്കുന്നത്.
കഴിഞ്ഞയാഴ്ച്ച ഞങ്ങളുടെ ആദികടലായി വട്ടക്കുളത്തെ വീട്ടില്‍ റെയ്ഡു നടത്തി എന്തൊ വിലപ്പെട്ട രേഖകള്‍ പിടിച്ചെടുത്തെന്നാണ് ക്രൈം ബ്രാഞ്ച് വാര്‍ത്തകൊടുത്തത്. പലചരക്ക് കടയിലെ സാധനങ്ങള്‍ വാങ്ങിയ ബില്ലുകളും മറ്റു കടലാസുകളുമല്ലാതെ മറ്റൊന്നും അവരു കൊണ്ടുപോയിട്ടില്ല. ഡയറക്ടര്‍മാരെ പണം വാങ്ങി രക്ഷിക്കാനായി ജീനയുടെ പേരില്‍ കേസുകള്‍ കുന്നുകൂട്ടുകയാണ് പോലീസ്. ജീനയുടെ പേരില്‍ കേസ് കൊടുത്താലേ പണം തിരിച്ചുലഭിക്കുകയുളളുവെന്നും മറ്റുളളവര്‍ പാപ്പരാണെന്നുമാണ് ഇവര്‍ പരാതിക്കാരോട് പറയുന്നത്.
അഞ്ചുപൈസ അവളോ എന്റെ കുടുംബമോ അര്‍ബന്‍നിധിയില്‍ നിന്നും തട്ടിയെടുത്തിട്ടില്ല. ഞങ്ങളുടെ ഉളളതെല്ലാം പോവുകയാണ് ചെയ്തത്. ഇനി പണയത്തിലായ വീടും അല്പം സ്ഥലം മാത്രമേയുളളൂ. പണം നഷ്ടപ്പെട്ടവരുടെ ഭീഷണി ഭയന്ന് അഞ്ചുവയസുകാരന് മകനെയും കൂട്ടി നാടുവിടേണ്ടി വന്നു. ഇപ്പോള്‍ ഞാനും അഞ്ചു വയസ്സ്കാരൻ മകനും പോലീസ് സംരക്ഷണയിലാണ് ജീവിക്കുന്നത്. ഏതുനിമിഷവും തനിക്കെതിരെ അക്രമമുണ്ടാകുമെന്ന് ഭയന്ന് പുറത്തു പോലും ഇറങ്ങാറില്ലെന്നും ജീനയുടെ ഭര്‍ത്താവ് ഷാജ് പറഞ്ഞു.