തിരുവനന്തപുരം: കഴിഞ്ഞ 13 ന് രാത്രി 11 മണിയോടെ മരുന്ന് വാങ്ങാനായി മൂലവിളാകം സ്വദേശിനിയായ വീട്ടമ്മ ഇരുചക്രവാഹനത്തിൽ ജനറൽ ആശുപത്രി ഭാഗത്തേക്ക് യാത്രചെയ്തതിനിടെയാണ് ബൈക്കിൽ പിന്തുടർന്നെത്തിയ യുവാവ് ആക്രമിച്ച് പരിക്കേല്പിച്ചത്.കേസിൽ 12 ദിവസമായിട്ടും പ്രതിയെ തിരിച്ചറിയാന്‍ പൊലീസിനായിട്ടില്ല. കേസിൽ ഏക തെളിവായി ലഭിച്ചിട്ടുള്ളത് സിസിടിവി ദൃശ്യങ്ങളാണ്.
എന്നാൽ വീട്ടമ്മയെ അജ്ഞാതൻ ബൈക്കിൽ പിന്തുടരുന്നതിന്റെ ദൃശ്യങ്ങളില്‍ ആളെ തിരിച്ചറിയാൻ കഴിയില്ല.ദൃശ്യങ്ങളിൽ സ്കൂട്ടറിന്റെ നമ്പരോ പ്രതിയുടെ മുഖമോ വ്യക്തമല്ല. അക്രമി ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ മുഖം തിരിച്ചറിയുക പ്രയാസവുമാണ്.സ്കൂട്ടറിലെത്തിയ പ്രതി, സ്കൂട്ടർ യാത്രികയായ വീട്ടമ്മയെ പിന്തുടരുകയും തര്‍ക്കവുമുണ്ടാവുകയും പിന്നീട് ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു.
പ്രതിയെന്ന് സംശയിക്കപ്പെടുന്ന മൂന്നുപേരുടെ രേഖാചിത്രം പൊലീസ് വീട്ടമ്മയെ കാണിച്ചിരുന്നു. ഇവരല്ലെന്ന് വീട്ടമ്മ പറഞ്ഞതോടെ വീട്ടമ്മയുടെ പരിചയക്കാർ ആരെങ്കിലുമാണോ അക്രമി എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. ജോലി ചെയ്യുന്ന സ്ഥലത്ത് ഉള്ളവരെ ചോദ്യം ചെയ്തെങ്കിലു ഒരു തുമ്പും ലഭിച്ചിട്ടില്ല.ശംഖുംമുഖം അസിസ്റ്റന്റ് കമ്മീഷണർ പൃഥ്വിരാജിന്റെ നേതൃത്വത്തിൽ പേട്ട, വഞ്ചിയൂർ, വലിയതുറ, പൂന്തുറ എസ് എച്ച് ഒമാരെ ഉൾപ്പെടുത്തി നാലു സംഘവും ഷാഡോ പൊലീസും അന്വേഷണവുമായി രംഗത്തുണ്ട്.