തിരുവനന്തപുരം : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിയ്ക്ക് എതിരെ സിപിഎമ്മും തെരുവിൽ പ്രതിഷേധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.സൂറത്ത് കോടതി ശിക്ഷ വിധിച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിലാണ് ലോക്സഭ സെക്രട്ടറിയേറ്റ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി ഉത്തരവിറക്കിയത്. ഇത് മോദി നയിക്കുന്ന സംഘപരിവാറിന്റെ തിരക്കഥയാണ്.
കേരളത്തിലെ കോൺഗ്രസിന് മൃദു ഹിന്ദുത്വ നിലപാടാണുള്ളത്. വയനാട് ഉപതിരഞ്ഞെടുപ്പ് നേരിടാൻ ഇടതുപക്ഷം തയ്യാറാണ്. ഏത് സാഹചര്യത്തിലും തിരഞ്ഞെടുപ്പിന് ഒരുക്കമാണ്. എന്നാൽ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അന്യായമായാണ് രാഹുലിനെ അയോഗ്യനാക്കിയതെന്ന് ജനത്തെ ബോധ്യപ്പെടുത്താൻ പ്രതിഷേധം ശക്തമാക്കുമെന്ന് കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിന് ശേഷം മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് വ്യക്തമാക്കിയിരുന്നു.
രാഹുലിനെ അയോഗ്യനാക്കിയതിനെതിരെ തിങ്കളാഴ്ച മുതൽ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് കോൺഗ്രസ്.മോദി സർക്കാരിനെതിരെ നിരന്തരം ശബ്ദമുയർത്തുന്നതിലുള്ള പ്രതികാര നടപടിയാണ് ഇതെന്നായിരുന്നു കോൺഗ്രസിൻ്റെ ആരോപണം.